ഹരിപ്പാട്: ഭരണ-സാങ്കേതികാനുമതിയിലെ കാല താമസം ജില്ലയിലെ പശ്ചാതല മേഖലകളിലെ വികസന പ്രവർത്തനങ്ങൾ അവതാളത്തിൽ. തദ്ദേശ സ്ഥാപനങ്ങൾ ഗ്രാമസഭകൾ വഴി പാസാക്കിയെടുത്തിട്ടുള്ള പശ്ചാതല മേഖലയിലെ റോഡ് നിർമ്മാണം ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ ഭരണ-സാങ്കേതികാനുമതിയിൽ കുരുങ്ങികിടക്കുകയാണ്. മാർച്ച് 31 നകം പൂർത്തീകരിക്കേണ്ടിയിരുന്ന പ്രവർത്തനങ്ങൾ നിരവധി കാരണങ്ങളാൽ പ്രതിസന്ധിയിലാണ്. ഗ്രാമ പഞ്ചായത്തുകൾ പാസാക്കി അനുമതിക്കായി വിടുന്ന പ്രവൃത്തികൾക്ക് സമയബന്ധിതമായി അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണം. അനുമതി ലഭിച്ചു വരുമ്പോഴേക്കും പ്രവൃത്തി പൂർത്തികരിക്കാനുള്ള സമയപരിധിയും ലഭിക്കില്ല. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്ന കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം പദ്ധതി പ്രവർത്തനങ്ങൾക്ക് തടസമാവുകയും തുക സ്പിൽ ഓവർ ആവുകയും ചെയ്യും .ഇത് ഈ മേഖലയിലെ സാധാരണ സംഭവമാണ്. ഇതിന് പുറമെ പ്രവൃത്തി ഏറ്റെടുക്കാനുള്ള കരാറുകാരുടെ താത്പര്യക്കുറവ് മറ്റൊരു പ്രതിസന്ധി സൃ്ടിക്കുന്നു. ഏറ്റെടുക്കുന്ന പ്രവർത്തികളുടെ ബില്ല് സമയബന്ധിതമായി മാറാത്തതും നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവ്, ചെമ്മണ്ണ്, പാറ , മെറ്റിൽ പോലെയുള്ളവ റോഡുമാർഗം കൊണ്ടുവരുമ്പോഴുള്ള നിയമ പാലകരുടെ അനാവശ്യ ഇടപെടലുകൾ, ഭീമമായ പെറ്റി ചാർജ്ജുകൾ, അസംസ്കൃത സാധനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയും വിപണിയിലെ വിലയും തമ്മിലുള്ള അന്തരം, കരാറുകാരുടെ കോടിക്കണക്കിന് സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിഖയായ തുകകൾ ഇവയെല്ലാം വികസന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയാണ്. വിയപുരം, എടത്വാ, തലവടി ചെറുതന ഉൾപ്പടെ നിരവധി ഗ്രാമപഞ്ചായത്തു പരിധികളിൽ നിരവധി പദ്ധതികളാണ് സ്പിൽ ഓവറായി കിടക്കുന്നത് .ഇത്തരം പ്രദേശങ്ങളിൽ സർക്കാർ പദ്ധതികൾക്ക് പ്രത്യേകം അനുമതി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇത് സാധ്യമായാൽ ഗ്രാമ പഞ്ചായത്ത് മുതൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഉൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങൾ നാടിന്റെ മുഖഛായ മാറ്റുവാൻ സാധിക്കും.

...........

'' സാധനങ്ങളുടെ രൂക്ഷമായ ദൗർലഭ്യം, ട്രാൻസ്‌പോർട്ട് ചെയ്യുമ്പോൾ പരിധിയിൽ കൂടുതൽ പരിശോധന എന്നിവ പ്രതിസന്ധിയാണ്. സമയബന്ധിതമായി ബില്ല് മാറി കിട്ടാത്തതും കരാറുകരെ വർക്ക്‌ എടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു.

ദിലീപ് ,കരാറുകാരൻ

'' പ്രവർത്തികൾ കരാറുകാർക്ക് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷത്തേക്ക് തള്ളി പോകും. അത് വീണ്ടും അംഗീകാരം നേടി പൂർത്തിയാക്കേണ്ടി വരും. ഇത് കാലതാമസത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.

പി. എ.ഷാനവാസ്‌,വീയപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌