
മാന്നാർ: നാലു പതിറ്റാണ്ടായി വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന മാന്നാറിലെ മാദ്ധ്യമ പ്രവർത്തകന് സ്വന്തമായ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി മാദ്ധ്യമ കൂട്ടായ്മയും ചോരാത്ത വീട് പദ്ധതിയും ചേർന്നൊരുക്കുന്ന വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മാന്നാർ കുരട്ടിശ്ശേരി പുത്തൻപീടികയിൽ പി.എഅബ്ദുൽ ഫൈസിക്കും കുടുംബത്തിനുമാണ് സുമനസുകളുടെ സഹായത്തോടെ മാന്നാർ മീഡിയ സെന്ററും ചോരാത്തവീടും കൈകോർത്ത് വീട് നിർമ്മിക്കുന്നത്.പി.എഅബ്ദുൽ ഫൈസിക്ക് കുറ്റിയിൽമുക്ക് - മിൽമാ റോഡിനോട് ചേർന്നുള്ള നാലുസെന്റ് സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയിരുന്നു. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം വീടിന്റെ കല്ലിടീൽ കർമ്മം നിർവഹിച്ചു. മീഡിയ സെന്റർ പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.സുരേഷ്‌കുമാർ, ഭവന നിർമ്മാണകമ്മിറ്റി കൺവീനർ ബഷീർ പാലക്കീഴിൽ, സാജു ഭാസ്ക്കർ, അൻഷാദ്, ഇക്ക്ബാൽ അർച്ചന, പ്രണവ് മണി, ഡൊമിനിക്ക് ജോസഫ്, കലാധരൻ കൈലാസം, റോയി പുത്തൻപുരയ്ക്കൽ, ഗോപി പാവുക്കര, ഇന്ദു ശേഖർ, പി.എം.എ ലത്തീഫ് എന്നിവർ പങ്കെടുത്തു.