ph

കറ്രാനം: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന് കോപ്‌ഡേ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം സഹകരണ വകുപ്പ് നൽകുന്നത്. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പുരസ്‌കാരം കൈമാറി. അന്തർദേശീയ തലത്തിൽ വിപുലമായ പ്രചാരണ പരിപാടികളും പ്രവർത്തനങ്ങളുമാണ് ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്നത്. 2020-21 ലെ പ്രമേയം റീബിൽഡ് ബെറ്റർ ടുഗദർ' എന്നായിരുന്നു.കൊവിഡ് പിടിമുറിക്കിയ സമൂഹത്തെ തിരിച്ചു കൊണ്ടുവരാൻ സഹകരണ സംഘങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ പരിശോധിച്ചാണ് ഈ വർഷത്തെ കോപ് ഡേ പുരസ്‌കാരം ബാങ്കിന് ലഭിച്ചത്. കൊവിഡ് കാലത്തെ മികച്ചതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ബാങ്കായി ഭരണിക്കാവ് ബാങ്കിനെ കേരളാ ബാങ്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ വർഷമായിരുന്നു.96 വർഷത്തെ ബാങ്കിന്റെ ചരിത്രത്തിനിടയിലെ ഏറ്റവും മികച്ച രണ്ടു നേട്ടങ്ങളാണ് ബാങ്കിനെ തേടിയെത്തിയത്. ഹെഡ്ഓഫീസ് അടക്കം പതിനൊന്ന് സ്ഥാപനങ്ങളാണ് ബാങ്ക് നിയന്ത്രണത്തിലുള്ളത്. വിപുലമായ കാർഷിക നഴ്സറിയാരംഭിച്ചിടത്തു നിന്നാണ് കൊവിഡ് കാല പ്രവർത്തനങ്ങളുടെ തുടക്കം. ബാങ്കിനോട് ചേർന്ന് ആരംഭിച്ച അഗ്രോ ക്ലിനിക് മികച്ച സംരംഭമാണ്. ലോക് ഡൗൺ കാലത്ത് കർഷകർ പട്ടിണി കിടക്കാതിരിക്കാൻ അവരുടെ ഉത്പന്നങ്ങൾക്ക് ന്യായവില നൽകി വാങ്ങി, അവ വിൽക്കാനുള്ള വിപണി ബാങ്ക് വളപ്പിൽ സജ്ജമാക്കി. വ്യത്യസ്ത തരത്തിലുള്ള കൊവിഡ് കാല പ്രവർത്തനങ്ങൾക്കെല്ലാം പുറമേ സഹകരണ വകുപ്പിന്റെ വലിയ പ്രശംസ പിടിച്ചുപറ്റിയ, 25 കോടി രൂപയുടെ പാക്കേജ് നടപ്പാക്കി, ഈടുകളില്ലാതെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വായ്പ നൽകി. ഇവർക്ക് പരിശീലനം നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി ചേർന്ന് പരിശീലന പരിപാടിയും ആരംഭിച്ചു.കോശി അലക്സാണ് ബാങ്ക് പ്രസിഡന്റും കെ.എസ് ജയപ്രകാശ് സെക്രട്ടറിയുമാണ്.

ഫോട്ടോ:ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന് കോപ്‌ഡേ സംസ്ഥാന പുരസ്‌കാരം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കോശി അലക്സ് സ്വീകരിക്കുന്നു.