tur

അരൂർ: ദേശീയപാതയിൽ അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന് മുൻവശത്തെ വെള്ളക്കെട്ട് വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നു. തൊട്ടടുത്ത മേഴ്സി സ്കൂൾ ഉൾപ്പടെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അരൂർ പള്ളിഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് മദ്ധ്യഭാഗത്തേക്ക് കയറിയാണ് ഭൂരിഭാഗം കുട്ടികളും നടക്കുന്നത്. ഇത്തരത്തിൽ തിരക്കേറിയ റോഡിൽ കൂടിയുള്ള കുട്ടികളുടെ യാത്ര പലപ്പോഴും അപകടത്തിന് വഴിതെളിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും സ്കൂൾ നേരങ്ങളിൽ വാഹനങ്ങൾ പൊലീസ് നിയന്ത്രിക്കുന്നത് കൊണ്ടാണ് വൻ അപകടങ്ങൾ ഒഴിവാക്കാനാവുന്നത്. മഴയ്ക്ക് സ്ഥിരമായി റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.