photo

ആലപ്പുഴ: മരിക്കുമ്പോൾ പോലും വെള്ളത്തിൽ നിന്ന് മോചനമില്ലെന്ന ഗതികേടിൽ നിന്ന് കുട്ടമംഗലത്തുകാർക്ക് മോചനമാകുന്നു. എത്ര ഉയരത്തിൽ വെള്ളം പൊങ്ങിയാലും ഇഷ്ടികയടുക്കി ഉയർത്തി അതിനു മുകളിൽ മൃതദേഹങ്ങൾ വച്ച് ഗ്യാസ് ക്രിമേഷൻ സംവിധാനത്തിലൂടെ വളരെ വേഗം സംസ്കരിക്കാൻ കഴിയുന്ന സൗകര്യമാണ് ഇവിടെ തയ്യാറായിട്ടുള്ളത്.ടൂറിസം വകുപ്പ് മുൻ ഡയറക്ടറും മുൻ ആലപ്പുഴ സബ് കളക്ടറുമായ വി.ആർ.കൃഷ്ണതേജയുടെ ഇടപെടലാണ് ഗ്രാമവാസികൾക്ക് കൈത്താങ്ങായത്.

പ്രളയകാലത്ത് മരണാനന്തര ചടങ്ങുകൾ നടത്താൻ ഇവിടെ നാട്ടുകാർ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന ചിന്ത കൃഷ്ണതേജയുടെ മനസിൽ കടന്നുകൂടിയത്. ഗ്യാസ് ക്രിമേഷൻ സംവിധാനം കുട്ടമംഗലത്തുകാർക്ക് ഒരുക്കി നൽകാമെന്ന് അന്ന് കൃഷ്ണതേജ ഉറപ്പു നൽകി. പിന്നീട്, ആലപ്പുഴയിൽ നിന്ന് സ്ഥലംമാറിപ്പോയെങ്കിലും പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം രൂപ വിലയുള്ള ഒരു ഗ്യാസ് ക്രിമേഷൻ സംവിധാനം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വസമുദ്ര എൻജിനീയറിംഗ് സ്ഥാപനത്തിന്റെ സി.ഇ.ഒ വി.ശ്രീനിവാസറാവുവിന്റെ സഹായത്തോടെ സ്‌പോൺസർ ചെയ്യിച്ചു. രണ്ട് ബ്ളോവർ, മൂന്ന് പൈപ്പ്, ജനറേറ്റർ, വിറക് ഇടിഞ്ഞു വീഴാതിരിക്കാനുള്ള ചെറു കമ്പികൾ എന്നിവയാണ് ഈ സംവിധാനത്തിലുള്ളത്. കഴിഞ്ഞ ദിവസം കമ്പനി അധികാരികളിൽ നിന്ന് കുട്ടമംഗലം മരണാനന്തര സഹായ സമിതി പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി സന്തോഷ് കുട്ടൻകരി, മംഗളാനന്ദൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

വഴികാട്ടിയായി കേരളകൗമുദി

കുട്ടമംഗലം വലിയതുരുത്ത് പാടശേഖരങ്ങളിലെ സ്ഥിരം മടവീഴ്ചയും വെള്ളപ്പൊക്കവും മൂലം മരണാനന്തര ചടങ്ങുകൾ ബുദ്ധിമുട്ടുന്നത് പൊതുശ്രദ്ധയിൽ എത്തിച്ചത് കേരളകൗമുദിയിരുന്നു. 2006ൽ "കുട്ടമംഗലക്കാർക്ക് മരണം ആറടി വെള്ളത്തിൽ" എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചു. ഈ വാർത്ത വന്നതിനുശേഷമാണ് കുട്ടംഗലം കേന്ദ്രമായി മരണാനന്തര സഹായ സമിതി രൂപീകരിച്ചത്. സമിതി അംഗങ്ങൾ നിശ്ചിത തുകയെടുത്ത് രണ്ട് സെന്റ് സ്ഥലവും സംസ്കാരത്തിനുള്ള ദഹനപ്പെട്ടിയും വാങ്ങി. വാടകക്കെട്ടിടത്തിൽ ദഹനപ്പെട്ടി സൂക്ഷിച്ചു. വെള്ളപ്പൊക്കത്തിൽ കെട്ടിടവും ദഹനപ്പെട്ടിയും അനുബന്ധ സാധനങ്ങളും നശിച്ചു. കൈവശമുള്ള സ്ഥലത്ത് മൂന്ന് ലക്ഷം രൂപ ചെലവു വരുന്ന കെട്ടിടം നിർമ്മിക്കാൻ തുടക്കമിട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിർമ്മാണം പാതിവഴിയിലാണ്. പുതിയ ഉപകരണങ്ങളുംവാടകക്കെട്ടിടത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.

സംസ്കാരം വേഗത്തിൽ

വിറക് ഉപയോഗിച്ച് സംസ്കാരം നടത്താൻ ഏഴുമണിക്കർ വേണ്ടിവരുമ്പോൾ, ഗ്യാസ് ക്രിമേഷൻ സംവിധാനം ഉപയോഗിച്ചാൽ ഒന്നരമണിക്കൂർ മതിയാകും. സാധാരണ ഒരാളുടെ ദഹനത്തിന് 700കിലോ വിറകും 25കിലോ ചിരട്ടയും വേണ്ടി വരും. ഗ്യാസ് ക്രിമേഷൻ സംവിധാനത്തിൽ 100കിലോ വിറകും 15കിലോ ചിരട്ടയും 500ഗ്രാം ഗ്യാസും മതിയാകും. വെള്ളപ്പൊക്കം ഉണ്ടായാൽ ഇഷ്ടിക കൊണ്ടുള്ള ബണ്ട് നിർമ്മിച്ച് അതിന് മുകളിൽ ദഹനം നടത്താനുള്ള സൗകര്യവും ഉണ്ടാകും.

"സംസ്കാരത്തിന് ഗ്യാസ് ക്രിമേഷൻ സംവിധാനം പ്രവർത്തനം തുടങ്ങുന്നതോടെ കുട്ടമംഗലത്തെയും സമീപ പ്രദേശത്തെയും നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകും. ഗ്യാസ് ക്രിമേഷനുള്ള ഉപകരണം സൂക്ഷിക്കുന്നതിനായുള്ള കെട്ടിട നിർമ്മാണം സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങി. ഇത് അടിയന്തരമായി പൂർത്തികരിക്കുകയാണ് ലക്ഷ്യം.

- സന്തോഷ് കുട്ടൻകരി, സെക്രട്ടറി, മരണാനന്തര സഹായ സമിതി, കുട്ടമംഗലം