s

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമയം ചെലവഴിക്കാൻ ഏക ഉപാധിയായ ടെലിവിഷൻ അനങ്ങാതായിട്ട് നാളുകളായി. മാസവരി കുടിശ്ശികയുടെ പേരിൽ കേബിൾ നെറ്റ് വർക്കുകാർ കണക്‌ഷൻ കട്ടു ചെയ്തതോടെയാണ് ടിവി നോക്കുകുത്തിയായി മാറിയത്

. ഡയാലിസിസ് സമയത്ത് ഉറങ്ങാതിരിക്കാനും മനസ് മറ്റ് ചിന്തകളിലേക്ക് കടക്കാതിരിക്കാനും ടിവി പരിപാടികൾ വലിയ ആശ്വാസമായിരുന്നെന്ന് സ്ഥിരമായി ഇവിടെ ഡയാലിസിസിന് എത്തുന്ന രോഗികൾ പറയുന്നു. ഓരോ രോഗിയും നാല് മണിക്കൂറോളം സമയം ഡയാലിസിസ് യൂണിറ്റിൽ ചെലവഴിക്കേണ്ടി വരും. മണിക്കൂറുകളോളം മറ്റൊന്നും ചെയ്യാനില്ലാതെ കിടക്കുമ്പോൾ സ്വാഭാവികമായും ഉറങ്ങിപ്പോകും. എന്നാൽ ഈ സമയംവിനോദകരവും, വിജ്ഞാനപ്രദവുമാക്കാൻ ടിവി കാഴ്ച കൊണ്ട് കഴിയും.

എന്തിനോ വേണ്ടി ഒരു ടിവി

പല സർക്കാർ ആശുപത്രികളിലും ടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയായി നിലകൊള്ളുന്നതിനപ്പുറം യാതൊരു പ്രയോജനവുമില്ലെന്ന ആക്ഷേപമുണ്ട്. ടിവി ഓണാക്കുന്ന പതിവ് പലേടത്തുമില്ല. ചിലയിടങ്ങളിൽ കേബിൾ കണക്ഷൻ പോലും നൽകിയിട്ടില്ല. ഒ.പികളിൽ പുലർച്ചെ മുതൽ വന്നിരിക്കുന്ന വയോധികരുൾപ്പടെയുള്ള രോഗികളുണ്ട്. ഇവർക്ക് ആനുകാലിക സംഭവങ്ങളടക്കം ഉടനടി അറിയാനുള്ള മാർഗമായാണ് ടിവി സ്ഥാപിച്ചിരിക്കുന്നത്.

ഡയാലിസിസ് യൂണിറ്റിലെ ടെലിവിഷൻ പ്രവർത്തിക്കാത്തത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ടെക്നീഷ്യൻമാരെ ഉപയോഗിച്ച് പരിശോധിച്ചു. ടിവിക്ക് യാതൊരും കുഴപ്പവുമില്ല. കേബിൾ പുനഃസ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് കേബിളിന് പണം അടയ്ക്കുന്നത്

- സൗമ്യ രാജ്, നഗരസഭാ ചെയർപേഴ്സൺ