
അമ്പലപ്പുഴ : ഫാർമസിക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുമ്പോൾ ലഭിക്കുന്നത് ചീട്ടിലുള്ള മരുന്ന് സ്റ്റോക്കില്ലെന്ന മറുപടി. ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനുഭവമാണിത്. നിർദ്ധനരായ രോഗികൾ പോലും പണം നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് അവശ്യമരുന്ന് വാങ്ങേണ്ട ഗതികേടിലാണിപ്പോൾ.
ന്യൂറോ, ന്യൂറോ സർജറി, കാർഡിയോളജി, യൂറോളജി, നെഫ്രോളജി, സൈക്കാട്രി, ശ്വാസകോശ രോഗ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട മരുന്നുകൾ ഒന്നും ആശുപത്രി ഫാർമസിയിൽ നിന്ന് മാസങ്ങളായി ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. മറ്റ് വിഭാഗങ്ങളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനോട് യഥാസമയം ആവശ്യപ്പെട്ടിട്ടും മരുന്ന് കിട്ടാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. അനാഥമന്ദിരങ്ങൾക്ക് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ രണ്ടു മാസമായി ലഭിക്കുന്നില്ലെന്ന് നടത്തിപ്പുകാർ പറയുന്നു. അധികൃതർ ഇടപെട്ട് മരുന്നുക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ആവശ്യം.
വൃദ്ധജനങ്ങളായ 167 അന്തേവാസികളാണ് പുന്നപ്ര ശാന്തിഭവനിലുള്ളത്. ഇവർക്ക് സർക്കാർ സൗജന്യമായി നൽകി വന്നിരുന്ന മരുന്നുകൾ 2 മാസമായി ലഭിക്കുന്നില്ല. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും പണം കൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്.കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച അന്തേവാസിക്ക് ഡ്രിപ്പു നൽകാനുള്ള മരുന്ന് പുറത്തു നിന്നും വാങ്ങി കൊടുക്കേണ്ടി വന്നു
- ബ്രദർ മാത്യു ആൽബിൻ, ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി
യഥാസമയം മരുന്നുകളുടെ ഓർഡർ മെഡിക്കൽ കോർപ്പറേഷന് നൽകാറുണ്ട്. കൊവിഡിനു ശേഷം ആശുപത്രിയിൽ എത്തുന്ന രോഗികൾ ഇരട്ടിയായതും, എല്ലാ വിഭാഗം ഒ.പികളും പ്രവർത്തിക്കാൻ തുടങ്ങിയതും മരുന്നുക്ഷാമത്തിന് കാരണമായിട്ടുണ്ട്
സി.ഐ.ബോബി, ഫാർമസി സൂപ്രണ്ട്.