
ഓറിയന്റേഷൻ ക്ളാസുകൾ ഈ മാസം തുടങ്ങും
ആലപ്പുഴ: കഴിഞ്ഞ ഏഴ് മാസങ്ങളായി അനക്കമില്ലാതെ കിടന്ന, കുടുംബശ്രീയുടെ ന്യൂജെൻ സംവിധാനമായ ഓക്സിലറി ഗ്രൂപ്പുകൾക്ക് ജീവൻ വയ്ക്കുന്നു. ഓരോ ഗ്രൂപ്പിന്റെയും പ്രധാനികളായ അഞ്ചംഗ കമ്മിറ്റിക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾ ഈ മാസം ആരംഭിക്കും.
ഇതിന് മുന്നോടിയായി ഇവർക്ക് ക്ലാസ് നൽകേണ്ട ജില്ലാ തല, സി.ഡി.എസ് തല കോർഡിനേറ്റർമാരുടെ പരിശീലനം പൂർത്തിയായി. ഓക്സിലറി ഗ്രൂപ്പുകൾ എന്തെന്നും, അവയുടെ ഉദ്ദേശ്യമെന്തെന്നും വ്യക്തമാക്കുന്ന തരത്തിലാണ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുക. അടുത്ത മാസം ഗ്രൂപ്പ് അംഗങ്ങളുടെ തൊഴിൽ സാദ്ധ്യത മനസിലാക്കുന്നതിനുള്ള പ്രൊഫൈലിംഗ് നടത്തും. കേന്ദ്ര സർക്കാർ പദ്ധതിയായി ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരമുള്ള തൊഴിൽ സംരംഭ പരിശീലനവും ലിംഗ സമത്വത്തിലൂന്നിയുള്ള ക്ലാസുകളും അംഗങ്ങൾക്ക് നൽകാനാണ് കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയിടുന്നത്.
പരിശീലനം പൂർത്തിയായ ശേഷമേ ഗ്രൂപ്പുകളുടെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബർ,നവംബർ മാസങ്ങളിലായാണ് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 18നും 40നും മദ്ധ്യേ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തി അതത് വാർഡുകൾ കേന്ദ്രീകരിച്ച് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. ഒരു വാർഡിൽ പരമാവധി 50 പേരുള്ള ഒരു ഗ്രൂപ്പാണുള്ളത്. ഇതിൽ കൂടുതൽ പേർ താത്പര്യത്തോടെ മുന്നോട്ട് വന്നി വാർഡുകളിൽ അധിക ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. നൂതന തൊഴിൽ സാദ്ധ്യതകൾ , സാമൂഹിക, സാംസ്‌കാരിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സ്ത്രീകളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനുമുള്ള വേദിയ്ക്കായാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.
ഓക്സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യം
1. സ്ത്രീ ശാക്തീകരണം, സാമ്പത്തിക ഉന്നമനം
2. സ്ത്രീധനം, ഗാർഹിക പീഡനങ്ങൾ തുടങ്ങിയ സാമൂഹ്യവിഷയങ്ങളിൽ ഇടപെടൽ
3. പൊതുവിഷയങ്ങളിൽ പ്രതികരിക്കാനുള്ള ആത്മവിശ്വാസം വളർത്തൽ
4. സുസ്ഥിര ഉപജീവനം സാദ്ധ്യമാക്കാനുളള അവസരം സൃഷ്ടിക്കൽ
പ്രൊഫൈലിംഗ്
ആദ്യഘട്ട പരിശീലനത്തിന് ശേഷമാണ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രൊഫൈലിംഗ് നടക്കുക. ഓരോ വ്യക്തിയുടെയും തൊഴിൽ സാദ്ധ്യതകൾ, ഇഷ്ടമേഖല എന്നിവ കണ്ടെത്താനാകും. ഇത് വഴി മികച്ച് അവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഒന്നാംഘട്ട പരിശീലനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗ്രൂപ്പിന് നേതൃത്വം നൽകുന്ന അഞ്ചംഗ കമ്മിറ്റിക്ക് ഈ മാസവും, തുടർന്ന് എല്ലാ അംഗങ്ങൾക്കും വരും മാസങ്ങളിലും ഓറിയന്റേഷൻ ക്ലാസുകൾ നൽകും. ഓരോ മാസവും വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്
- കെ.വി.സേവ്യർ, അസിസ്റ്റന്റ് കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ