tvr

തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചുള്ള താന്ത്രിക - വൈദിക ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രത്തിൽ പുതുക്കിപ്പണിത ഇരുശ്രീകോവിലുകളിലെ പ്രതിഷ്ഠ 10 ന് രാവിലെ 10.15ന് ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രിയുടെയും മേൽശാന്തി ഹരിദാസ് ബ്രഹ്മസ്വം വെളിയുടെയും കാർമ്മികത്വത്തിൽ നടക്കും. പുന:പ്രതിഷ്ഠയുടെ ഭാഗമായി ആരംഭിച്ച 10 ദിവസത്തെ സോപാന സംഗീതോത്സവം ഡോ.മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലവറ നിറക്കൽ ചടങ്ങിന്റെ ഉദ്ഘാടനം തുറവൂർ തിരുമല ദേവസ്വം പ്രസിഡന്റ് എച്ച്.പ്രേംകുമാർ നിർവഹിച്ചു.പുന:പ്രതിഷ്ഠാ വിളംബരമായി കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച 'അക്ഷര യാത്ര' 51 ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ക്ഷേത്രത്തിൽ സമാപിച്ചു. മരത്തിൽ കൊത്തിയെടുത്ത് ചുവർ ചിത്രങ്ങൾക്കുപയോഗിക്കുന്ന വർണ ചായങ്ങളാൽ മനോഹരമാക്കിയ മലയാളത്തിലെ 51 അക്ഷരങ്ങളേയും പ്രതിനിധീകരിക്കുന്ന അക്ഷരദേവതാശില്പങ്ങളുമായിട്ടാണ് അക്ഷരയാത്ര കടന്നുവന്നത്. ഈ ശില്പങ്ങളാണ് ശ്രീകോവിലിന് ചുറ്റുമായി സ്ഥാപിക്കുന്നത്. അക്ഷര ശില്പങ്ങളുടെ സമർപ്പണം 9 ന് ഉച്ചക്ക് 12ന് കൊല്ലൂർ മൂകാംബികാ ക്ഷേത്രം മുഖ്യതന്ത്രി ഡോ.കെ.ആർ.രാമചന്ദ്ര അഡിക നിർവഹിക്കും. 8 ന് വൈകിട്ട് 6ന് നടക്കുന്ന ശ്രീകോവിൽ സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണവും മന്ത്രി കെ.രാധാകൃഷ്ണൻ അനുമോദനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉപഹാര വിതരണവും എസ്. എൻ. ഡി. പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും. 13 ന് സഹസ്രകലശത്തോടെ പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിക്കും. ദേവസ്വം പ്രസിഡൻറ് എസ്. ദിലീപ് കുമാർ , സെക്രട്ടറി പി. എം. രമണൻ, എസ്. എൻ. ഡി. പി.യോഗം ശാഖാ ഭാരവാഹികളായ പി.കെ.ഹരിദാസ്, കെ. ശിവദാസൻ, പ്രമോദ് വാര്യംവിട്, സാബു ശാന്തി, രമണൻ വെളിയിൽ, രാജേഷ്, രാജീവൻ എന്നിവർ നേതൃത്വം നൽകും.