
നിർമാണ നടപടികൾക്ക് തുടക്കം
കായംകുളം: കായംകുളത്ത് ആധുനിക അറവുശാല നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് വന്നതിന് പിന്നാലെയാണ് നടപടി.
നിർമാണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി.
കിഫ്ബിയുടെ സഹായത്തോടെ നിലവിലെ അറവുശാല നിൽക്കുന്ന 48 സെന്റ് സ്ഥലത്ത് തന്നെയാണ് നിർമ്മാണം. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടി തുടങ്ങി. നിർമ്മാണത്തിനുള്ള നടപടി നേരത്തെ തുടങ്ങിയെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ തുടർനടപടി ഉണ്ടായില്ല.
ഇംപാക്ട് കേരളയാണ് നിർവഹണ ഏജൻസി. കായംകുളത്ത് 30 ഓളം ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒന്നിന് മാത്രമാണ് അനുമതി ഉള്ളത്. ബാക്കിയുള്ളവർ നഗരത്തിലെ അറവുശാലയിലാണ് കശാപ്പ് നടത്തുന്നത്. ഇവിടെ ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന അറവുശാല വേണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്.
പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് നിലവിലെ കശാപ്പ് ശാല പ്രവർത്തിക്കുന്നത്. പുതിയ അറവ്ശാല നിർമ്മിക്കുമ്പോൾ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കശാപ്പിനായി എത്തിക്കുന്ന മൃഗങ്ങളെ പരിശോധിക്കാൻ ഇപ്പോൾ സൗകര്യങ്ങൾ ഒന്നും ഇല്ല.
നോട്ടീസ്, ഒടുവിൽ നിറുത്താൻ ഉത്തരവ്
കായംകുളം നഗരസഭയുടെ അറവുശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കാനും ആവശ്യമായ അനുമതി ലഭ്യമായ ശേഷം പ്രവർത്തിപ്പിക്കുവാനും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് വന്നത് കഴിഞ്ഞ മാസമാണ്.
പീപ്പിൾസ് പൊളിറ്റിക്കൽ ഫോറം സെക്രട്ടറി വിശ്വരൂപന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അറവുശാലയുടെ മാലിന്യം തൊട്ടടുത്ത കരിപ്പുഴ തോട്ടിലേയ്ക്ക് ഒഴുക്കി വിടുന്നതായും മലിന ജല സംസ്കരണത്തിനായി സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തന രഹിതമാണന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കമ്മിഷന്റെ പരിശോധനയിൽ ആരോപണങ്ങൾ സത്യമാണെന്ന് ബോദ്ധ്യമായി. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം മാത്രം അറവുശാല പ്രവർത്തിപ്പിച്ചാൽ മതിയെന്ന് നിർദ്ദേശം നൽകിയത്.
നാളേറെയായുള്ള വാഗ്ദാനം
ദീർഘനാളായി ബഡ്ജറ്റിലെ മുഖ്യവാഗ്ദാനമാണ് ആധുനിക അറവുശാല. എന്നാൽ നടപടികൾ മുന്നോട്ട് പോയിരുന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതിരുന്നതിനാൽ മാസങ്ങളായി അടച്ചിടേണ്ട സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തൊട്ടടുത്ത കരിപ്പുഴ തോട്ടിലേയ്ക്കാണ് ഒഴുക്കുന്നത്.