
ആലപ്പുഴ: നഗരത്തിലേക്കുള്ള പ്രവേശന കവാടമായ കളർകോട് ബൈപാസ് ജംഗ്ഷനിൽ ഓണക്കാലം ലക്ഷ്യമിട്ട് പച്ചക്കറി - പൂ കൃഷി തുടങ്ങും. ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ബൈപാസിന്റെ തുടക്കത്തിലെ വീതിയേറിയ ഡിവൈഡറും, എസ്.ഡി കോളേജിന് എതിർവശത്തുള്ള എയ്റോബിക് പ്ലാന്റിന് പുറകിലെ സ്ഥലവുമുൾപ്പടെ 25 സെന്റേളം സ്ഥലത്താണ് കൃഷി നടത്തുകയെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി. സമീപത്തെ എയ്‌റോബിക് യൂണിറ്റിലെ ജൈവവളമാകും ബന്ദിപ്പൂക്കൾക്കും പച്ചക്കറികൾക്കും ഊർജ്ജമാവുക . നഗരസഭ നേരിട്ടാണ് കൃഷി ചെയ്യുന്നത്. ജെ.എച്ച്.ഐ സുമേഷ് പവിത്രനാണ് മേൽനോട്ടച്ചുമതല. തൊഴിലാളികളായ എച്ച്.അൻസിൽ, എ.അൻസിൽ, ഫിറാനസ്, നഹാസ്, അഷ്‌കർ, ഗണേഷ് എന്നിവരാണ് കൃഷിത്തോട്ടം ഒരുക്കിയത്. മൾച്ചിംഗും തുള്ളി നനയുമായി പ്രൊഫഷണലായാണ് പ്രവർത്തനങ്ങൾ.
25 : തോട്ടം ഒരുങ്ങുന്നത് 25 സെന്റ് സ്ഥലത്ത്
കൃഷി ചെയ്യാൻ കർമ്മ സമിതി തയ്യാർ
കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിത്തുകൾക്കും തൈകൾക്കുമൊപ്പം തൊഴിലാളികളെയും സൗജന്യമായി നൽകുന്നതിനുള്ള കാർഷിക കർമ്മസമിതിക്ക് നഗരസഭ രൂപം നൽകി. ഓണം വരെയുള്ള കൃഷിക്ക് തൊഴിലാളികളെ വിട്ടു നൽകുന്നതിന് നഗരസഭ തുക ഈടാക്കില്ല. അതിന് ശേഷം മിതമായ നിരക്കിൽ ലഭ്യമാക്കും. കാർഷിക പരിശീലനം ലഭിച്ച 150 തൊഴിലാളികളുടെ കൂട്ടായ്മയാണ് രൂപീകരിച്ചിട്ടുള്ളത്.നിലമൊരുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും സൗജന്യമായി നൽകും. ഗ്രൂപ്പ് കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് അതത് വാർഡ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൃഷിയാരംഭിക്കാം. ഇതിനകം ഗുരുമന്ദിരം എസ്.എൻ.ഡി.പിക്ക് സമീപം, സെന്റ് ജോസഫ്സ് സ്കൂൾ, ശവക്കോട്ടപ്പാലത്തിന് സമീപം എന്നിവിടങ്ങളിൽ കാർഷിക കർമ്മസമിതിയുടെ സഹകരണത്തോടെ കൃഷി ആരംഭിച്ചിട്ടുണ്ട്.
നഗര മാലിന്യത്തിന്റെ ഏറ്റവും മാതൃകാപരമായ വിനിയോഗമാണ് നടക്കുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് നഗരസഭ നേരിട്ടാണ് കൃഷി ചെയ്യുന്നത്
-സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ