pazh

പൂച്ചാക്കൽ: അരൂക്കുറ്റി - ചേർത്തല റൂട്ടിൽ വടുതല ജംഗ്ഷൻ വരെയുള്ള വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലും ഉള്ള മരങ്ങൾ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പ്രതിസന്ധിയാവുകയാണ്. മാത്താനം, വടുതല ജംഗ്ഷന് വടക്ക് ഭാഗം, പുത്തൻപാലത്തിന് തെക്ക് ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ പാഴ്മരങ്ങൾ വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത് . നിരവധി തവണ മരങ്ങൾ കടപുഴകി വീണും, ശിഖരങ്ങൾ ഒടിഞ്ഞും ഗതാഗത തടസമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുത്തൻപാലത്തിന് സമീപം പുളിമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ്സ്കൂട്ടർ യാത്രികനായിരുന്ന ആന്നലത്തോട് സ്വദേശിയുടെ ജീവൻ പൊലിഞ്ഞിരുന്നു. അന്ന് കുറച്ച് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. എന്നാൽ ചുവട് ഭാഗം ദ്രവിച്ചു തുടങ്ങിയ മരങ്ങൾ വെട്ടിമാറ്റിയിട്ടില്ല. റോഡിന് വീതി കുറവുള്ള ഭാഗത്ത് ,വശങ്ങളിൽ മരങ്ങൾ നിൽക്കുന്നതും അപകട സാദ്ധ്യത വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഫിദാ സിൽക്സിന് സമീപമുള്ള മരത്തിൽ ടെമ്പോ ഇടിച്ച് ക്ലീനറിന്റെ ഇടത് കൈയ്യും കണ്ണിനും സാരമായി പരിക്കു പറ്റിയിരുന്നു. സ്വകാര്യ പറമ്പുകളിൽ നിന്നും വൃക്ഷശിഖരങ്ങൾ റോഡിലേക്ക് പടർന്നു കിടപ്പുണ്ട്. ഗതാഗതത്തിന് തടസമുണ്ടാക്കുന്ന പാഴ്മരങ്ങൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.