s

മാവേലിക്കര: അടുത്തമാസം ഒന്നു മുതൽ ഹോട്ടലുകളുടെ പേര് മാറ്റി തട്ടുകടയെന്നാക്കുമെന്ന് കേരള ഹോട്ടൽ ആൻ​ഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. ലൈസൻസോ പരിശോധനകളൊ ഇല്ലാതെ തട്ടുകടകളും വീട്ടിലൂണുകളും പെരുകുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കുന്നില്ല. കൂടാതെ നഗരസഭയുടെ തുടർച്ചയായ റെയ്ഡുകളും മാലിന്യം എടുക്കാത്തതും ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരോ ഹോട്ടലുകളുടേയും പേരുകൾ മാറ്റി തട്ടുകട എന്നാക്കി പ്രതിഷേധിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.

ഇന്നലെ താലൂക്കിലെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് മാവേലിക്കര നഗരസഭയ്ക്ക മുപിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയിലാണ് പ്രഖ്യാപനം. സമരം സംഘടന ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ.പി.താജ് ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ 35 ഓളം ഹോട്ടലുകൾ താലൂക്കിൽ അടച്ചു പൂട്ടിയതായും 11ഓളം ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും ഇതിനൊരു പരിഹാരം അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുൻപോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ നാസർ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി നാരായണൻ, ജോർജ് ചെറിയാൻ, നന്ദകുമാർ, ബാലാജി എന്നിവർ സംസാരിച്ചു.