s

ഡെങ്കി, എലിപ്പനിക്കെതിരെ ജാഗ്രത

ആലപ്പുഴ: മഴ കനത്തതോടെ, ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഓരോദിവസം കഴിയുംതോറും വർദ്ധിക്കുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രതിദിനം 1000ഓളം രോഗികൾ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നതായാണ് ഔദ്യോഗിക കണക്ക്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വേറെയും.

ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് ഡെങ്കി ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കി ഹർത്താലിന്റെ ഭാഗമായി കൊതുകുകളുടെ ഉറവിട നശീകരണം നടത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ആശുപത്രികളിലും മരുന്നുകൾ ,ക്ലോറിൻ ഗുളികകൾ, ഒ.ആർ.എസ് എന്നിവ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. എലിപ്പനി പ്രതിരോധ ഗുളിക വിതരണം നടത്താനുള്ള ക്രമീകരണവും നടത്തി. എലിപ്പനിക്കെതിരെയും പ്രതിരോധം ശക്തമാക്കി.

മഴക്കാല രോഗങ്ങൾ

എലിപ്പനി, മഞ്ഞപ്പിത്തം, ഛർദ്ദി, അതിസാരം, കോളറ, ടൈഫോയിഡ്, എച്ച് വൺ എൻ വൺ

കൊതുക് ജന്യ രോഗങ്ങൾ

ഡെങ്കിപ്പനി,ചിക്കൻഗുനിയ, ജപ്പാൻ ജ്വരം, ഫൈലേറിയ

എലിപ്പനി പ്രതിരോധിക്കാം

 മണ്ണ്,അഴുക്കുവെള്ളം എന്നിവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.

 കൈകാലുകളിലെ മുറിവ് വെള്ളവും മണ്ണും കടക്കാത്ത ബാൻഡേജുപയോഗിച്ച് സുരക്ഷിതമായി മൂടി വയ്ക്കുക.

 മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവർ കാലുറകളും കൈയ്യുറകളും ധരിക്കുക.

'പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തോടൊപ്പം ഡെങ്കി വ്യാപനം തടയാനുള്ള പ്രവർത്തനത്തിനും മുൻഗണന നൽകുന്നു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വർദ്ധിക്കാതിരിക്കാൻ ഉറവിട നശീകരണത്തിന് മുന്തിയ പരിഗണന നൽകും.

- ഡോ.ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ, ആലപ്പുഴ