
ആലപ്പുഴ: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കൈനകരി സ്വദേശി അരുൺ തോമസിന് ജീവൻ രക്ഷാപതക് പുരസ്‌കാരം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് സമ്മാനിച്ചു. 2019 ഏപ്രിൽ 18നാണ് കൈനകരി ഒറ്റത്തെങ്ങിൽ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയയെയും മൂന്നു വയസുള്ള മകൾ അപർണികയെയും 16കാരനായ അരുൺ തോമസ് രക്ഷിച്ചത്.തോടിന്റെ സംരക്ഷണ ഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും കുട്ടിയും കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്തമകൾ അനുപ്രിയയുടെ കരച്ചിൽ കേട്ടാണ് വീട്ടിൽനിന്ന് കളിക്കാനിറങ്ങിയ അരുൺ ഓടിയെത്തി ഇരുവരെയും രക്ഷിച്ച് കരയിലെത്തിച്ചത്.