
ആലപ്പുഴ : മിന്നൽ വേഗത്തിൽ മുന്നേറിയ എ.സി റോഡ് നവീകരണം തോരാമഴയെത്തുടർന്ന് മന്ദഗതിയിലായി. ഇതോടെ റോഡിലൂടെയുള്ള യാത്രാദുരിതവും വർദ്ധിച്ചു. വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
മഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളം ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പമ്പാ നദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചിട്ടും പൈലിംഗ് ജോലികൾ പുനരാംഭിച്ചിട്ടില്ല. കിടങ്ങറ,നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക് – ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ – പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.
നെടുമുടി പാലത്തിന്റെ ഇരുകരകളിലേക്കുള്ള അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ ബീമിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ സ്‌ളാബിനുള്ള കമ്പിപ്പണികൾ ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്ന ക്രോസ് വേകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് ക്രോസ് വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും ക്രോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി. റോഡ് പൊളിച്ച് ഉയർത്തുന്നതിനുള്ള ജോലികൾ മഴയെ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്.
'കൺട്രോൾ" തെറ്റിക്കുന്ന ഗതാഗതക്കുരുക്ക്
റോഡിന്റെ ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതം ഫലപ്രദമാകുന്നില്ല
കരാർ കമ്പനിക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം പതിവ്
വഴി തിരിച്ചു വിടുമ്പോൾ സൂചനാ ബോർഡുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു
വൈകിട്ട് 7 മണി കഴിഞ്ഞാൽ എ.സി റോഡ് വഴി കെ.എസ്.ആർ.ടി.സി സർവീസില്ല
താത്കാലിക പാതയും പരിമിതികളും
കഴിഞ്ഞ ദിവസം ഒന്നാംകര ഫ്‌ളൈ ഓവറിന്റെ കോൺക്രീറ്റ് നട്ടുച്ച സമയത്ത് നടത്തിയപ്പോൾ സിമന്റ് കൂട്ട് നിറച്ച വാഹനം താത്കാലിക പാതയിലിട്ടതോടെ ഇതു വഴിയുള്ള ഗതാഗതം നിലച്ചു. ഇരുചക്രവാഹനത്തിന് കടന്നുപോകാനുള്ള സംവിധാനം പോലും താത്കാലിക പാതയിൽ ഇല്ലാത്തതിനാൽ അര മണിക്കൂറോളം യാത്രക്കാർ വഴിയിൽ കുടുങ്ങി. താത്കാലിക പാതയുടെയും ഫ്‌ളൈ ഓവറിന്റെയും ഇടയിലായി വലിയ ഗർത്തമുള്ളതാണ് ഇരുചക്ര വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തിയത്. കൂടാതെ താത്കാലിക പാത നിർമിച്ചിരിക്കുന്നിടത്ത് കുണ്ടും കുഴിയുമായി കിടക്കുന്നതും പൈലിംഗ് സ്ഥലത്തുനിന്നുള്ള വെള്ളവും ചെളിയും റോഡിലേയ്ക്ക് ഒഴുക്കിവിടുന്നതും യാത്രികർക്ക് അപകടഭീഷണിയൊരുക്കുന്നു.