
റേഡിയോ നിലയവും ജീർണാവസ്ഥയിൽ
ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുട്ടികളുടെ പാർക്ക് നാശാവസ്ഥയിലായിട്ടും സംരക്ഷിക്കാൻ നടപടിയില്ല. ചാരുംമൂട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ തെക്ക് മാറി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ടു സമീപമുള്ള ചാച്ചാജി ചിൽഡ്രൻസ് പാർക്കിനാണ് ഈ ദുർഗതി.
ഇവിടെ കുട്ടികൾ കയറിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. 2011ലാണ് പാർക്ക് നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ വൈകുന്നേരങ്ങളിൽ പാർക്കിൽ കുട്ടികളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഊഞ്ഞാൽ ഉൾപ്പെടെയുള്ള വിനോദ ഉപകരണങ്ങളൊക്കെയാണ് കുട്ടികളെ ആകർഷിച്ചിരുന്നത്. എന്നാൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതായതോടെ വിനോദോപകരണങ്ങളെല്ലാം നശിച്ചു തുടങ്ങി. കുറേ ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ കൈക്കലാക്കി. ഇപ്പോൾ രാത്രികാലങ്ങളിൽ മദ്യപരുടെ താവളമായി പാർക്ക് മാറി. തെരുവുനായ ശല്യവും രൂക്ഷമാണ്.
മുമ്പ് റേഡിയോ നിലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പാർക്ക് നിർമ്മിച്ചത്. പഴയ തലമുറയ്ക്ക് ഗൃഹാതുരത്വമുള്ള ഓർമ്മയാണ് ഈ റേഡിയോനിലയം. പല തിരഞ്ഞെടുപ്പ് വാർത്തകളും അവർ കേട്ടിരുന്നത് ഇവിടെയിരുന്നാണ്. കൂട്ടംകൂടിയുള്ള ചർച്ചകളും നിലയത്തിന്റെ പരിസരത്തെ ചൂടുപിടിപ്പിച്ചിരുന്നു. കാലം മാറിയതോടെ റേഡിയോ നിലയം നോക്കുകുത്തിയായി മാറി. 60ൽ അധികം വർഷമുള്ള റേഡിയോ നിലയത്തിന്റെ കെട്ടിടം ഇപ്പോഴും പാർക്കിനുള്ളിലുണ്ടെങ്കിലും ജീർണാവസ്ഥയിലാണ്.
ഇന്ത്യ -പാകിസ്താൻ യുദ്ധങ്ങളും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമൊക്കെ നാട് കേട്ടതും അറിഞ്ഞതും റേഡിയോ നിലയത്തിലൂടെയായിരുന്നു. വൈകുന്നേരങ്ങളിൽ നിലയത്തിന് സമീപമുള്ള വലിയ ആലിൻചുവട്ടിൽ നൂറുകണക്കിനാളുകൾ എത്തുന്നതും എല്ലാവരും ഒരുമിച്ചിരുന്ന് വാർത്തകൾ കേൾക്കുന്നതും ഇന്നും ഓർമ്മയിലുണ്ട്
- ഭാർഗവൻ, മുൻ പഞ്ചായത്ത് മെമ്പർ
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരിക്കൽപോലും പാർക്ക് നവീകരിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പാർക്ക് നവീകരിക്കാനും സംരക്ഷിക്കാനും താമരക്കുളം പഞ്ചായത്ത് അധികൃതർ സംവിധാനം ഉണ്ടാക്കണം.- ബിജോഷ് ചാരുംമൂട്, പൊതുപ്രവർത്തകൻ