മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയുടെയും 1479-ാം നമ്പർ ശാരദാവിലാസം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിലെ ഉന്നതവിജയികൾക്കും ശ്രീനാരായണകലോത്സവ വിജയികൾക്കും നൽകുന്ന അനുമോദനവും അവാർഡ് ദാനവും 10ന് ഞായറാഴ്ച രാവിലെ 10ന് ശാഖാ ഗുരുപൂജാഹാളിൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാനും കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ അദ്ധ്യക്ഷതവഹിക്കും.

കേരള സർവകലാശാല ബി.പി.എ ബിരുദപരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്മണിയെയും എസ്.എൻ.ഡി.പി കേന്ദ്ര വനിതാസംഘം വൈക്കത്തു നടത്തിയ ശ്രീനാരായണകലോത്സവത്തിൽ ഉപന്യാസ രചനയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അഷ്ടമിവിജയനെയും ഒ.എസ് ഉണ്ണികൃഷ്ണൻ അനുമോദിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്യും. എസ്.എസ്.എൽ.സി വിദ്യാർത്ഥികളായ അതുല്യ അജയ്, ദേവിക.എസ്, ആദിഷ്.എസ് എന്നിവർക്ക് ശാഖായോഗംവക അവാർഡ്ദാനം മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദും വനിതാസംഘംവക അവാർഡ്ദാനം മാന്നാർ യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പാശശികുമാറും പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദിത്യാ സതീശന് ക്യാഷ് അവാർഡ്ദാനം മാന്നാർയൂണിയൻ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശും അഷ്ടമി വിജയൻ, അഭിൻരാജ് എന്നിവർക്കുള്ള വനിതാസംഘം അവാർഡ്ദാനം മാന്നാർയൂണിയൻ വനിതാസംഘം വൈസ്ചെയർപേഴ്സൺ സുജാതാ നുന്നുപ്രകാശും നിർവഹിക്കും.

ആശാരിശേരിൽ കൊച്ചുകേശവൻ സ്മാരക എസ്.എസ്.എൽ.സി കാഷ് അവാർഡ്ദാനം മാവേലിക്കര എസ്.എൻ സെൻട്രൽസ്കൂൾ വൈസ് പ്രിൻസിപ്പൽ ലക്ഷ്മിചന്ദ്ര.ബിയും, കയ്യാലേത്ത് വിശ്വനാഥൻ സ്മാരക കാഷ് അവാർഡ്ദാനം ശാഖാസെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിലും താഴവന ടി.കെ ലക്ഷ്മണൻ തന്ത്രി സ്മാരക പ്ലസ്ടു കാഷ് അവാർഡ്ദാനം ശാഖാ വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാറും പുല്ലാമഠത്തിൽ എ.കെ ശ്രീധരൻ സ്മാരക പ്ലസ് ടു ക്യാഷ് അവാർഡ്ദാനം ശാരദാവിലാസം വനിതാസംഘം പ്രസിഡന്റ്‌ സുജാസുരേഷും, ജില്ലാതല ശ്രീനാരായണകലോത്സവത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ആര്യശ്രീ, അശ്വതി വേണുഗോപാൽ എന്നിവർക്ക് വിവേകാനന്ദൻ താഴവനയും ആഷിമാ മധു, ആതിരാ അഭിലാഷ് എന്നിവർക്ക് അശോക് കുമാർ മരോട്ടിമൂട്ടിലും ഉപഹാരങ്ങളും നൽകും. മൂന്നാംസ്ഥാനം കരസ്ഥമാക്കിയ സിന്ധു സജീവന് സജിതദാസും ജില്ലാതല കലോത്സവത്തിൽ പങ്കെടുത്ത മറ്റ്കുട്ടികൾക്ക് ഗംഗാധരൻ മരോട്ടിമൂട്ടിലും, അശ്വതി വേണുഗോപാലും ഉപഹാരങ്ങൾ നൽകും. ശാഖാ പ്രസിഡന്റ്‌ എം.ഉത്തമൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി ലതാഉത്തമൻ നന്ദിയും പറയും.