
മാന്നാർ: യുവാവിന്റെ സമയോചിതമായ ഇടപെടൽ വൻ അഗ്നിബാധയിൽ നിന്നും നാടിനെ രക്ഷിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് മാന്നാറിലെ സൂപ്പർമാർക്കറ്റായ എൻ.ആർ.സി യുടെ പ്രധാന വാതിലിനോട് ചേർന്നുള്ള ഓഫീസിനു മുകളിലായി വലിയശബ്ദത്തോടെ ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിബാധയുണ്ടായത്. രാവിലെ ആയതിനാൽ കടയിലും റോഡിലും ആളുകൾ കുറവായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടിയെത്തിയവർ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. മാന്നാറിലെ മഹാലക്ഷ്മി മെറ്റൽസ് ഉടമ സതീഷ് പെട്ടെന്ന്തന്നെ സൂപ്പർമാർക്കറ്റിലുണ്ടായിരുന്ന അഗ്നിശമന ഉപകരണവുമായി തൊട്ടടുത്ത് കിടന്ന വെയ്സ്റ്റ് ബിന്നിന്റെ മുകളിൽ ചവിട്ടിക്കയറി തീ അണയ്ക്കാൻ ശ്രമിച്ചത്. സമീപ ബാങ്കിന്റെ മുകളിൽ യോഗ ക്ലാസ് നടത്തുന്ന സാഗർ എന്ന യുവാവും സതീഷിനെ സഹായിക്കാനെത്തി. മൂന്നു അഗ്നിശമന ഉപകരണങ്ങളാണ് തീ അണയ്ക്കുവാൻ സതീഷ് ഉപയോഗിച്ചത്. എന്നും രാവിലെ ജിംനേഷ്യത്തിൽ പോകാറുള്ള സതീഷ് പതിവ്പോലെ സൈക്കിളിൽ പോയി വരുമ്പോഴാണ് എൻ.ആർ.സിയുടെ മുന്നിൽ വലിയ ശബ്ദത്തോടെ അഗ്നിഗോളം രൂപപ്പെടുന്നത് കണ്ടത്.
മാന്നാർ മർച്ചന്റ് അസോസിയേഷൻ യൂത്ത്‌വിംഗിന്റെ സെക്രട്ടറി സതീഷ് ദൈവാനുഗ്രഹം കൊണ്ടാണ് ഉണർന്ന് പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞതെന്നും വൻ അഗ്നിബാധ ഒഴിവായതെന്നും പറഞ്ഞു. സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് കുമാർ സതീഷിനെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.