
ആലപ്പുഴ : ഉത്സവം, പിറന്നാളാഘോഷം, മാമോദീസ, കല്യാണം തുടങ്ങി ചടങ്ങ് ഏതുമാകട്ടെ. സന്തോഷ നിമിഷങ്ങൾ അവിസ്മരണീയമാക്കാൻ 'പാട്ടുംപാടി' കുടുംബശ്രീ വനിതകളെത്തും. ആലപ്പുഴയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്നാണ് വേദികളിൽ ഗാനമഴ പെയ്യിക്കാൻ വനിതകളുടെ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.
കേരളത്തിലെമ്പാടും സ്റ്റേജ് ഡെക്കറേഷൻ, പന്തൽ, പാചകം, പാത്രങ്ങളടക്കം എല്ലാ ചുമതലകളും ഏറ്റെടുത്ത് നടത്തുന്ന 'വനിതാ സെൽഫി' ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണിത്.ഗാനമേള ട്രൂപ്പിനായുള്ള ആദ്യഘട്ട ഒാഡിഷൻ ഇന്നലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്നാണ് ഗായകരെ തിരഞ്ഞെടുക്കും. പരിചയസമ്പന്നരായ കലാകാരന്മാർ ഓർക്കസ്ട്ര കൈകാര്യം ചെയ്യും.
ട്രൂപ്പിൽ 12 പേർ
12അംഗ ട്രൂപ്പാണ് രൂപീകരിക്കുക. സംഗീതജ്ഞൻ കൂറ്റുവേലി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിംഗ് പാനലാണ് ഗായകരെ തിരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ട ഒഡിഷനിൽ ആറ് ഗായകരെ തിരഞ്ഞെടുത്തു. ബാക്കിയുള്ളവർക്കായി വീണ്ടും ഓഡിഷൻ നടത്തും. ശേഷം പരിശീലനം നൽകും. സംഗീത സംവിധായകൻ കഞ്ഞിക്കുഴി സ്വദേശി അനൂപ് ആനന്ദ്, ഭാര്യയും ഗായികയുമായ പ്രവീണ എന്നിവർ സഹായിത്തിനുണ്ട്.
'കേരളത്തിലുടനീളം പരിപാടികൾ അവതരിപ്പിക്കാനാവുന്ന പ്രൊഫഷണൽ വനിതാ ഗാനമേള ട്രൂപ്പാണ് രൂപീകരിക്കുക".
- എം. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്
'സംഗീതം അറിയുന്നവർ കുടുംബശ്രീ അംഗങ്ങൾക്കിടയിലുണ്ട്. മികച്ച പരിശീലനം നൽകിയാൽ കേരളത്തിലെ പ്രധാന ട്രൂപ്പാകാനാകും".
- കൂറ്റുവേലി ബാലചന്ദ്രൻ, സംഗീതജ്ഞൻ