a

പൊളിച്ചിട്ട റോഡിൽ യാത്ര ദുസ്സഹം

മാവേലിക്കര: പൊളിച്ചിട്ട് മൂന്ന് വർഷത്തോളമായിട്ടും കുറ്റിത്തെരുവ് - ളാഹ മുക്ക് - മുന്നാംകുറ്റി റോഡുകളെ ബന്ധിക്കുന്ന പല്ലാരിമംഗലം ജംഗ്ഷൻ - പട്ടിരേത്തുമുക്ക് റോഡിന്റെ പുനർനിർമ്മാണം എങ്ങുമെത്താത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിൽ. 2019ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്താണ് നവീകരണത്തിനു വേണ്ടി റോഡ് പൊളിച്ചത്. ഇതിനുശേഷം റോഡരികിലെ കനാലുകളുടെ നിർമ്മാണം ആരംഭിച്ചു. എന്നാൽ,പിന്നീട് യാതൊരു പണിയും നടന്നിട്ടില്ല. മെറ്റൽ ഇളകി കിടക്കുന്നതും വെള്ളക്കുഴികൾ രൂപപ്പെട്ടതും റോഡിനെ അപകട മേഖലയാക്കി മാറ്റി.

ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇളകി കിടക്കുന്ന മെറ്റൽ കഷ്ണങ്ങൾ തെറിച്ച് കാൽനടയാത്രക്കാർക്ക് അപകടങ്ങൾ പറ്റുന്നതും നിത്യസംഭവമാണ്. മഴക്കാലമായതോടെ വാഹനങ്ങൾ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.

തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിവെച്ച നിർമ്മാണ പ്രവർത്തനം പിന്നീട് പൂർണമായി നിലക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

പല്ലാരിമംഗലം ജംഗ്ഷൻ-പട്ടിരേത്തുമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ പരിഗണന ഉണ്ടാകണം. ഇവിടെ അപകടങ്ങൾ പതിവാണ്.

അഡ്വ.ടി.കെ.പ്രസാദ്, പല്ലാരിമംഗലം

പല്ലാരിമംഗലം ജംഗ്ഷൻ-പട്ടിരേത്തുമുക്ക് റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാണ്. മുള്ളിക്കുളങ്ങരയിൽ നിന്ന് പല്ലാരിമംഗലത്തേക്ക് പോകാനുള്ള എളുപ്പ വഴിയാണ് ഈ റോഡ്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ദൂരം കൂടുതലുള്ള മറ്റ് വഴികളെ ആശ്രയിക്കുകയേ മാർഗമുള്ളൂ. ഇതിന് കൂടുതൽ തുക വാങ്ങേണ്ടി വരുമ്പോൾ യാത്രക്കാരുമായി വാക്കുതർക്കവുമുണ്ടാകാറുണ്ട്.

അനിൽകുമാർ (ഓട്ടോ ഡ്രൈവർ), കളരിക്കലേത്ത്, പല്ലാരിമംഗലം