
ചേർത്തല:റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് വയലിൻ ഫ്യൂഷൻ ആർട്ടിസ്റ്റ് ബിജുമല്ലാരി, സെക്രട്ടറി ടി.സുമേഷ് ചെറുവാരണം,ട്രഷറർ ജയേഷ് വിജയൻ എന്നിവർ 9ന് സ്ഥാനമേൽക്കും. വൈകിട്ട് 6ന് റോട്ടറിഹാളിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ, മെഡിറ്റേഷൻ പ്രമോട്ടർ ഹോളണ്ട് സ്വദേശിനി ലിയോണി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.സ്ഥാനാരോഹണത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലെ 5 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യും.
ഈ വർഷത്തെ റോട്ടറി പദ്ധതികളായ അമൃതം,വാത്സല്യം,പരിണയം എന്നിവക്കും ഇതിനൊപ്പം തുടക്കമാകുമെന്ന് പ്രസിഡന്റ് ബിജുമല്ലാരി,അസിസ്റ്റന്റ് ഗവർണർ ഡോ.കെ.ഷൈലമ്മ,സെക്രട്ടറി ടി.സുമേഷ് ചെറുവാരണം,ഡോ.വി.ശ്രീദേവൻ,സാംസൺ ജേക്കബ്ബ്,ബി.ശിവൻകുട്ടിനായർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിർദ്ധന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ്,എം.ബി.ബി.എസ് പഠനാവസരം ഒരുക്കുക,അംഗപരിമിതരായവർക്ക് വിവാഹ സഹായം,സ്‌കൂളുകളിൽ കുട്ടികളുടെ കണ്ണ്,ചെവി,പല്ല് പരിശോധനാ ക്യാമ്പുകൾ നടത്തി വിദഗ്ദ ചികിത്സനടത്തുക തുടങ്ങിയ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ജൂലായ് ഒന്നിന് ഡോക്ടേഴ്സ് ദിനത്തിൽ വിവിധ മേഖലയിലെ ഡോക്ടർമാരെ ആദരിച്ചും രക്തദാനം നടത്തിയുമാണ് റോട്ടറി വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.സമ്മേളനത്തിനു ശേഷം ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തല,അഭിറാംബിജു,പിന്നണിഗായിക ഭാഗ്യലക്ഷ്മി,കലവൂർജയദേവ് എന്നിവർ നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടാകും.