ചേർത്തല: ദേശീയ പാതയിൽ യുവതിയുടെ ജീവനെടുത്ത അപകടത്തിന് കാരണമായ വാഹനവും ഡ്രൈവറും 12 ദിവസത്തെ തിരച്ചലിന് ശേഷം പൊലീസ് പിടിയിലായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പടിഞ്ഞാറെട്ടേഴത്ത് അരുണിമ ഉല്ലാസ് (22)ന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ കവചിത ലോറിയും ഡ്രൈവറുമാണ് മാരാരിക്കുളം പൊലീസിന്റെ പിടിയിലായത്. ഡ്രൈവർ തമിഴ്‌നാട് സേലം കണ്ണം കുറിച്ചിയിൽ കനകരാജിനെ(45) അറസ്റ്റ് ചെയ്തു. ജൂൺ 24 ന് എസ്.എൽ.പുരത്തെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.അരുണിമ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച പാഴ്‌സൽ ലോറി നിർത്താതെ പോയി.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിമ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.വാഹനം കണ്ടെത്താൻ മാരാരിക്കുളം പൊലീസ് 75 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കവചിത വാഹനമാണ് ഇടിച്ചതെന്ന് എസ്.എൽ.പുരത്തുളള സി.സി ടി വി ദൃശ്യങ്ങളിൽ നിന്ന് മനസിലായി.അരൂർ ടോൾ പ്ലാസയിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ കർണാടക രജിസ്‌ട്രേഷനുളള പാഴ്‌സൽ ലോറി സംശയത്തിലായി.നിരവധി പാഴ്‌സൽ ലോറി ഡ്രൈവർമാരുമായി പൊലീസ് ബന്ധപ്പെട്ടു. ഇതിനെ ചുറ്റിപ്പറ്റിയുളള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. വാഹനത്തിന്റ ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഡ്രൈവറെക്കുറിച്ചുളള വിവരം ലഭിച്ചു.അപകടം നടന്ന വിവരം ഡ്രൈവർ സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്റ്റ്യൻരാജ്, എ.എസ്.ഐ ജാക്‌സൺ, സിവിൽ പൊലീസ് ഓഫീസർമാരായ ജഗദീഷ്,വിനീഷ് എന്നിവർ ചേർന്നാണ് വാഹനം കണ്ടെത്തി പ്രതിയെ പിടികൂടിയത്.