66 ശതമാനം പേർ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറുന്നില്ല
ആലപ്പുഴ: ആലപ്പുഴ പട്ടണത്തിന്റെ അഴക് വീണ്ടെടുക്കാൻ നഗരസഭാതലത്തിൽ കാമ്പയിനുകൾ മുന്നേറുമ്പോഴും, മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്ന ഹരിത കർമ്മ സേനയോട് ഭൂരിഭാഗം കുടുംബങ്ങളും മുഖം തിരിഞ്ഞ് നിൽക്കുന്നു. ആലപ്പുഴയിലെ 52 വാർഡുകളിലായി 34 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഹരിത കർമ്മ സേനയുമായി സഹകരിക്കുന്നത് എന്നാണ് കണക്ക്. മാലിന്യങ്ങൾ വേർതിരിച്ച് നൽകണമെന്നുള്ളതും, യൂസർ ഫീ ഈടാക്കുന്നതുമാണ് സേനയെ അകറ്റി നിർത്താൻ കാരണമായി പലരും പറയുന്നത്.
2020 വരെ എയറോബിക് പ്ലാന്റുകളിലെ അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ നൽകിയിരുന്ന മാലിന്യങ്ങൾ പൊടുന്നനെ പണം നൽകി ഒഴിവാക്കേണ്ട സ്ഥിതി വന്നതോടെയാണ് പലരും സഹകരിക്കാതായി. ഹരിത കർമ്മ സേനകൾ രൂപപ്പെട്ടതോടെ എയറോബിക് പ്ലാന്റുകളിലെ അജൈവ മാലിന്യ ശേഖരണം നിർത്തിയിരുന്നു. നവംബർ ഒന്നിന് എല്ലാ വാർഡുകളും ശുചിത്വ വാർഡായി പ്രഖ്യാപിക്കപ്പെടുന്നതിനോടനുബന്ധിച്ച് ഹരിത കർമ്മസേനയുടെ പ്രവർത്തനം 100 ശതമാനം വീടുകളിലും ഉറപ്പാക്കാനാണ് അധികൃതരുടെ ശ്രമം. ഇതിൽ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവർ, ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിങ്ങനെ പരിഗണന അർഹിക്കുന്ന ഏതാനും വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.
നഗരത്തിൽ ആകെ വീടുകൾ - 43000
ഹരിതകർമ്മ സേനയുമായി സഹകരിക്കുന്ന വീടുകൾ - 13136
സഹകരിക്കുന്നത് 34 ശതമാനം കുടുംബങ്ങൾ മാത്രം
യൂസർ ഫീസ് - 60 രൂപ
എല്ലാ വീട്ടിലും കയറും
ആൾ താമസമില്ലാത്തതോ, പൂട്ടിക്കിടക്കുന്നതോ ആയ രണ്ട് ശതമാനം വീടുകളൊഴികെ ബാക്കി എല്ലായിടത്തും കയറാറുണ്ടെന്ന് ഹരിത കർമ്മ സേനാ പ്രവർത്തകർ അവകാശപ്പെടുന്നു. ജൈവ മാലിന്യ സംസ്ക്കരണത്തിന് ബയോ ബിന്നുകളും, എയറോബിക് പ്ലാന്റുകളുമുണ്ടെങ്കിലും, അജൈവ മാലിന്യം ഹരിത കർമ്മ സേന മാത്രമാണ് സ്വീകരിക്കുന്നത്. നിലവിൽ സഹകരിക്കുന്ന കുടുംബങ്ങൾ പോലും എല്ലാ മാസവും മാലിന്യം കൈമാറില്ല. നൽകുന്ന യൂസർ ഫീ മുതലാകുന്ന തരത്തിൽ മാലിന്യങ്ങൾ വലിയ സ്റ്റോക്ക് ആക്കിയ ശേഷം കൈമാറുന്നവരാണ് കൂടുതൽ.
ഹരിതകർമ്മ സേനയുടെ പ്രവർത്തനം വ്യാപകമാകുന്നതിന് വേണ്ടിയാണ് എയറോബിക് യൂണിറ്റുകളിലെ മിനി മെറ്റീറിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനം നിർത്തലാക്കിയത്. അജൈവ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയാതെ നൂറ് ശതമാനം കുടുംബങ്ങളും വൈകാതെ പൂർണമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുതകുന്ന ബോധവത്ക്കരണ ക്ലാസുകളാണ് നൽകി വരുന്നത്
ടെൻസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
എല്ലാ വീടുകളിലും ജൈവ സംസ്ക്കരണ മാർഗങ്ങൾ ഉപയോഗിക്കുകയും, ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യം കൈമാറുകയും ചെയ്യുന്നതോടെ മാത്രമേ ഓരോ വാർഡും സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തുകയുള്ളൂ.
- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ