
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ ധാതുമണലെടുപ്പുമായി ബന്ധപ്പെട്ട് എച്ച്.സലാം എം.എൽ.എയെ ട്രോളി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. എം.എൽ.എയുടെ നേതൃത്വത്തിൽ ധാതുമണലെടുപ്പ് തടഞ്ഞെന്ന പത്ര കട്ടിംഗാണ് ' മേയ് മാസത്തെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനം' എന്ന ക്യാപ്‌ഷനോടെ ഫേസ്ബുക്കിൽ ആഞ്ചലോസ് പോസ്‌റ്റ് ചെയ്‌തത്. പൊഴിമുഖത്തെ മണലെടുപ്പിനെ സി.പി.ഐ ആദ്യം മുതൽ എതിർത്തിരുന്നതാണ്. എന്നാൽ, സി.പി.എമ്മിന് അനുകൂല നിലപാടായിരുന്നു. യന്ത്രത്തിന്റെ സഹായത്തോടെ മണലെടുക്കുന്നതാണ് കഴിഞ്ഞ ദിവസം എച്ച്. സലാം എം.എൽ.എ നേരിട്ടെത്തി തടഞ്ഞത്. ധാതുക്കൾ വേർതിരിച്ച ശേഷം ബാക്കിവരുന്ന മണൽ പുറക്കാട് പഞ്ചായത്തിന്റെ തീരത്ത് നിക്ഷേപിക്കുന്നതിൽ കെ.എം.എം.എല്ലും ഐ.ആർ.ഇയും വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു എം.എൽ.എയുടെ ഇടപെടൽ.
ഇടതുമുന്നണിലെ പ്രബലമായ രണ്ട് ഘടക കക്ഷികൾ തമ്മിൽ ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആഞ്ചലോസിന്റെ പോസ്‌റ്റിലൂടെ വ്യക്തമാകുന്നത്.
' എം.എൽ.എ ഖനനം തടഞ്ഞെന്ന് പറയുമ്പോൾ ഉദ്യോഗസ്ഥർ ചിരിക്കുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്. ഖനനവുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ നിലപാട് കൃത്യമാണ്. മണൽ നീക്കുന്നതിനോടുള്ള എതിർപ്പ് തുടരും'
ടി.ജെ.ആഞ്ചലോസ്
സി.പി.ഐ ജില്ലാ സെക്രട്ടറി
എം.എൽ.എയുടെ നടപടി തട്ടിപ്പ് : എ.എ.ഷുക്കൂർ
തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് യന്ത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന കരിമണൽ ഖനനം തടയാൻ എന്ന വ്യാജേന എച്ച്.സലാം എം.എൽ.എ ഇപ്പോൾ നടപടികൾക്കൊരുങ്ങുന്നത് തട്ടിപ്പാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളടക്കം രാഷ്ട്രീയപ്രവർത്തകരും, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും നടത്തിയ സമരങ്ങളെ തള്ളിപ്പറയുകയും കരിമണൽ ഖനനത്തിനായി സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ പരസ്യമായി പിന്തുണച്ചയാളുമാണ് എച്ച്.സലാം. സംയുക്ത സമരപ്പന്തലിൽ ഒരു പ്രാവശ്യം പോലും എത്താതിരുന്ന എം.എൽ.എ ഇപ്പോൾ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനെന്ന പേരിൽ ഖനനത്തിനെതിരെ രംഗത്തുവന്നത് ജനരോക്ഷം മറയ്ക്കുന്നതിന് വേണ്ടിയാണെന്നും ഷുക്കൂർ പറഞ്ഞു.