ആലപ്പുഴ : ആലപ്പുഴ ബീച്ച് ക്ലബ്ബിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുരസ്‌ക്കാര ജേതാക്കളെ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് വൈകിട്ട് 5:30 ന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച് സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ്, കഥാകൃത്ത് ഷാഹി കബീർ , ഗുരുപൂജ പുരസ്‌ക്കാര ജേതാക്കളായ ജോയ് സാക്സ്, ആലപ്പി രമണൻ, അലിയാർ മാക്കിയിൽ , ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളായ രാജീവ് ആലുങ്കൽ, ബി.ജോസ്‌കുട്ടി, എ.ബി.സി പ്രതിഭാ പുരസ്‌ക്കാര ജേതാവ് സുഹൈൽ കോയ എന്നിവരെയാണ് ആദരിക്കുന്നത്. ലതാ മങ്കേഷ്‌ക്കർ, എസ്.പി.ബാലസുബ്രഹ്മണ്യം, ഇടവ ബഷീർ, കൃഷ്ണകുമാർ കുന്നത്ത് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കിയ 'ഉയിരിൻ ഉയിരേ' എന്ന സംഗീത പരിപാടിയും അരങ്ങേറും . വാർത്താ സമ്മേളനത്തിൽ ബീച്ച് ക്ലബ്ബ് പ്രസിഡന്റ് വി.ജി.വിഷ്ണു, ജനറൽ സെക്രട്ടറി സി.വി.മനോജ് കുമാർ , ഭാരവാഹികളായ കുര്യൻ ജെയിംസ്, ദേവ നാരായണൻ, ആനന്ദ് ബാബു, സുജാദ് കാസിം എന്നിവർ പങ്കെടുത്തു.