
ആലപ്പുഴ: കഴിഞ്ഞ അദ്ധ്യയന വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ കുറവ്, ആകെയുള്ള കുട്ടികളുടെ എണ്ണത്തിലെ കുറവിന്റെ പ്രതിഫലനമെന്ന് അധികൃതരുടെ വിലയിരുത്തൽ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷം ചേർന്നതിലും 1,115 കുട്ടികളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിലും വലിയ കുറവാണ് അൺ എയ്ഡഡ് മേഖലയിൽ പ്രതിഫലിച്ചിട്ടുള്ളത്.
ജില്ലയിലെ അൺ എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസിലേക്ക് ആകെ പ്രവേശിച്ചത് 881 കുട്ടികൾ മാത്രമാണ്. ജില്ലയിലെ ചെറിയൊരു ശതമാനം കുട്ടികൾ രക്ഷിതാക്കളുടെ ജോലി സൗകര്യാർത്ഥം വിദേശങ്ങളിലും, അന്യ സംസ്ഥാനങ്ങളിലും, അന്യ ജില്ലകളിലും പ്രവേശനം നേടിയിട്ടുണ്ട്. ഈ വ്യത്യാസമാകാം അഡ്മിഷൻ നിരക്കിൽ പ്രതിഫലിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്. ഇത് കൂടാതെ 6 വയസ് പൂർത്തിയായവരെ മാത്രമേ ഒന്നാം ക്ലാസിലേക്ക് പ്രവേശിപ്പിക്കൂ എന്ന സർക്കാർ തീരുമാനവും മാസങ്ങളുടെ പ്രായ വ്യത്യാസമുള്ള കുട്ടികളുടെ അഡ്മിഷന് തടസമായി.
അഡ്മിഷൻ നേടിയവർ (ഒന്നാം ക്ലാസ്)
പൊതുവിദ്യാഭ്യാസം
2021 -22: 13239
2022 -23: 12124
അൺ എയ്ഡഡ്
2021 -22 : 1067
2022 -23 : 881
രക്ഷിതാക്കളുടെ സൗകര്യാർത്ഥം വിദേശത്തേക്കടക്കം പഠനത്തിന് പോയവരുണ്ട്. അഞ്ച്, എട്ട് ക്ലാസുകളിലേക്ക് ഇതര സിലബസുകളിൽ നിന്നും കൂടുതൽ കുട്ടികൾ ഇപ്രാവശ്യവും ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയിട്ടുണ്ട്
- എ.കെ.പ്രസന്നൻ, ജില്ലാ കോർഡിനേറ്റർ, വിദ്യാകിരണം, ആലപ്പുഴ