ph

കായംകുളം: ഞക്കനാലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുപ്രസിദ്ധ മോഷ്ടാവ് കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് വീട്ടിൽ നിന്നും കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന സ്പൈഡർ സുനിൽ എന്ന് വിളിക്കുന്ന സുനിൽ (44), കൂട്ടാളി പത്തിയൂർ എരുവ മൂടയിൽ ജംഗ്ഷന് സമീപം വേലൻ പറമ്പിൽ വീട്ടിൽ സഫർ എന്ന സഫറുദ്ദീൻ (37) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 25 ന് വെളുപ്പിന് കറുകത്തറയിൽ ബഷീറിന്റെ വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബഷീർ ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്താണ് മോഷണം നടന്നത്. ബഷീർ പിന്നീട് മരിച്ചിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് പ്രധാന വാതിൽ കുത്തിത്തുറന്നാണ് സുനിൽ വീട്ടിനുള്ളിൽ കടന്നത്. സുനിൽ മോഷ്ടിക്കുന്ന സ്വർണ്ണാഭരണങ്ങൾ വിറ്റിരുന്നത് രണ്ടാം പ്രതിയായ സഫറാണ്. ഇരുവരെയും ചോദ്യം ചെയ്തതിൽ, ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വയനകത്തും ഞക്കനാലും കായംകുളം പൊലീസ്‌ സ്റ്റേഷൻ പരിധിയിലുള്ള കാപ്പിലും മേനാത്തേരിയിലും വള്ളികുന്നം പൊലിസ് സ്റ്റേഷൻ പരിധിയിൽ കട്ടച്ചിറയിലും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി തെളിഞ്ഞു.

ബഷീറിന്റെ വീടിന് സമീപമുള്ള വീട്ടിലെയും മറ്റും സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് സ്പൈഡർ സുനിൽ കുടുങ്ങിയത്.

31 വാഹനമോഷണ കേസുകളിൽ സ്പൈഡർ സുനിൽ പ്രതി

വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 വാഹന മോഷണ കേസുകളിൽ പ്രതിയാണ് സ്പൈഡർ സുനിൽ .

മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ സഫറിനെ ഉപയോഗിച്ച് കായംകുളത്തെ സ്വർണക്കടകളിൽ വില്പന നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് സുനിൽ ചിലവഴിച്ചിരുന്നത്. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കിവച്ച ശേഷം രാത്രിയിൽ ഒറ്റക്ക് നടന്ന് പോയി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്റെ രീതി. ഓച്ചിറയുടെ കിഴക്കൻ ഭാഗങ്ങളിൽ വീട് കുത്തിത്തുറന്നുള്ള മോഷണം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ കേസുകൾ തെളിയിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജെ.ജയ്ദേവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ.മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.