
ആലപ്പുഴ : എച്ച്.സലാം എം.എൽ.എ ഇടപെട്ട് തടഞ്ഞിട്ടും അടുത്ത ദിവസം മുതൽ തോട്ടപ്പള്ളിയിലെ മണൽഖനനം തുടരുന്നതിൽ പ്രതിഷേധം കടുക്കുന്നു. ധാതുക്കൾ വേർതിരിച്ച ശേഷമുള്ള മണൽ പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ തീരങ്ങളിൽ നിക്ഷേപിക്കാൻ കെ.എം.എം.എല്ലും ഐ.ആർ.ഇയും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം എത്തി ഖനനം നിറുത്തി വയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന്റെ അടുത്ത ദിവസം മുതൽ തന്നെ പൊഴിമുഖത്ത് നിന്ന് മണലുമായി ടിപ്പർ ലോറികൾ പായുന്ന കാഴ്ചയാണ് തോട്ടപ്പള്ളിക്കാർ കണ്ടത്.
ഒരു മീറ്റർ ക്യൂബിന് 550രൂപ നിരക്കിൽ രണ്ട് ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യാൻ ചവറ കെ.എം.എം.എല്ലിനാണ് ജലസേചന വകുപ്പ് പുതിയ കരാർ നൽകിയത്. ഇതനുസരിച്ച് 80,000 എം ക്യൂബ് മണൽ നീക്കി. 2020 ജൂൺ മാസത്തിൽ ആരംഭിച്ച കരിമണൽ ഖനനം, കടലാക്രമണ പ്രതിരോധത്തിന് ഉപകരിക്കുന്ന ആയിരത്തോളം കാറ്റാടി മരങ്ങൾ വെട്ടി മാറ്റിയാണ് തുടങ്ങിയത്. അന്നുമുതൽ മത്സ്യത്തൊഴിലാളികൾ, രാഷ്ട്രീയപ്രവർത്തകർ, സാമൂഹിക - സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തുണ്ട്. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 400 ദിവസത്തോടടുക്കുകയാണ്.
പ്രതിദിനം കൊണ്ടു പോകുന്നത് 200 ലോഡ് മണൽ
ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും പ്രതിദിനം 200ൽ അധികം ലോഡ് മണൽ ഇവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്. പൊഴിമുഖത്തിന്റെ ഇരുകരയിലും ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ചാണ് മണൽ നീക്കം ചെയ്യുന്നത്. കൂറ്റൻ ഡ്രഡ്ജർ ഉപയോഗിച്ച് പൊഴിമുഖത്ത് ചാലിൽ നിന്ന് നീക്കുന്ന മണൽ കരയ്ക്ക് എത്തിക്കുന്ന ജോലിയും പുരോഗമിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന കരിമണൽഖനനം തടയാനെന്ന വ്യാജേനയുള്ള അമ്പലപ്പുഴ എം.എൽ.എയുടെ ഇപ്പോഴത്തെ ശ്രമം തട്ടിപ്പാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ നിയമസഭയിൽ ഒരു സബ്മിഷൻ പോലും അവതരിപ്പിക്കാതിരുന്നത് കരിമണൽ ലോബിയെ സഹായിക്കാനാണോ എന്ന് എം.എൽ.എ വ്യക്തമാക്കണം.
- എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി
"രൂക്ഷമായ കടലാക്രമണം മൂലം നിരവധി വീടുകൾ നഷ്ടപ്പെടുകയും തീരം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി കേന്ദ്രീകരിച്ച് നടത്തുന്ന കരിമണൽ ഖനനം അടിയന്തരമായി നിറുത്തിവയ്ക്കണം. വേർതിരിച്ച മണൽ തീരത്തെത്തിക്കാൻ വേണ്ടിയല്ല എം.എൽ.എ സമരം ചെയ്യേണ്ടത് , ഖനനം നിർത്താൻ വേണ്ടിയാകണം. സർക്കാരിനും എം.എൽ.എയ്ക്കും തീരദേശ ജനതയോട് കടപ്പാടുണ്ടോയെന്ന് വ്യക്തമാക്കണം.
- വി.ദിനകരൻ, ധീവരസഭാ ജനറൽ സെക്രട്ടറി
"തീരത്ത് പുതുതായി അടിഞ്ഞ രണ്ടുലക്ഷം എം ക്യൂബ് മണൽ, ഒരു മീറ്റർ ക്യൂബിന് 550രൂപ നിരക്കിൽ സർക്കാരിൽ തുക അടച്ച് നീക്കം ചെയ്യാൻ കെ.എം.എം.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- ബിനു, എക്സിക്യൂട്ടീവ് എൻജിനീയർ