ambala

അമ്പലപ്പുഴ : ഭാര്യയും മക്കളും അപകടത്തിൽ മരിച്ചതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയക്കായി വീടും സ്ഥലവും വിറ്റതോടെ തെരുവിലുമായി. മങ്കൊമ്പ് തെക്കേ കാരമൂട്ടിൽ ഡോൺ ബോസ്ക്കോ വർഗീസ് എന്ന 72കാരനാണ് ജീവിതത്തിൽ നേരിട്ട തിരിച്ചടികൾക്ക് മുന്നിൽ പകച്ചുപോയത്. ബസ് സ്റ്റാൻഡിലും തെരുവിലുമായി അലഞ്ഞു നടന്ന ഡോൺ ബോസ്കോയെ പൊതു പ്രവർത്തകനായ ഷാജൻ കഴിഞ്ഞ ദിവസം പുന്നപ്ര ശാന്തിഭവനിലെത്തിച്ചതോടെയാണ് തല ചായ്ക്കാൻ ഒരിടം ലഭിച്ചത്. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിന്റെ തണലിലാണ് ഈ വൃദ്ധന്റെ ഇപ്പോഴത്തെ ജീവിതം.

26 വർഷം മുമ്പാണ് ഡോൺ ബോസ്കോയുടെ ജീവിതത്തിൽ കരിനിഴൽ വീഴുന്നത്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ഡോൺ ബോസ്ക്കോ വർഗീസ് അക്കാലത്ത് അബുദാബിയിൽ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ മാർഗരറ്റും മക്കളായ ഷിബുവും സുരേഷും രേണുകയും അബുദാബിയിൽ ഒപ്പമുണ്ടായിരുന്നു. ഒരു ഒഴിവു ദിവസം ഭാര്യയും മക്കളുമൊത്ത് ഡോൺ ബോസ്കോ കാറിൽ യാത്ര ചെയുമ്പോൾ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. മാർഗരറ്റും മക്കളായ ഷിബു , സുരേഷ് എന്നിവരും സംഭവ സ്ഥലത്തു മരിച്ചു. അന്ന് ഏഴു വയസു മാത്രം പ്രായമുള്ള മകൾ രേണുക മടിയിൽ കിടന്ന് മരിച്ച സംഭവം വിവരിച്ചപ്പോൾ ഇപ്പോഴും ഡോൺ ബോസ്കോയുടെ കണ്ണ് നിറയും. വാക്കുകൾ ഇടറും. തനിക്ക് മാത്രം ജീവൻ ദൈവം എന്തിനു തിരിച്ചു നൽകി എന്നാണ് ഈ വൃദ്ധൻ വേദനയോടെ ചോദിക്കുന്നത്.

ഉറ്റവരുടെ മൃതദേഹവുമായി നാട്ടിലേക്കു വന്നതിനു ശേഷം ഡോൺ ബോസ്കോപ്രവാസ ജീവിതം അവസാനിപ്പിച്ചു. അബുദാബിയിലെ നിയമക്കുരുക്കിൽപ്പെട്ട് നഷ്ടപരിഹാരമുൾപ്പെടെയുള്ള ഒരു ആനുകൂല്യവും കിട്ടിയിരുന്നില്ല. പിന്നീട് പലേടത്തും അലഞ്ഞു. ഏഴു വർഷം ഒറ്റക്കായിരുന്നു താമസം. ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരും ഇതിനിടെ മരിച്ചു. വാർദ്ധക്യകാല പെൻഷനു വേണ്ടി അപേക്ഷ നൽകിയെങ്കിലും നാളിതു വരെ കിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു.