muti-maalinyam
മാന്നാർ-പുലിയൂർ റോഡിൽ ബുധനൂർ പടിഞ്ഞാറ്റിൻചേരി അമ്പലത്തിനു പടിഞ്ഞാറു ഭാഗത്ത് നിക്ഷേപിച്ച മുടിമാലിന്യങ്ങൾ

മാന്നാർ: മുടിമാലിന്യം നടുറോഡിൽ നിക്ഷേപിച്ചത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി. ബുധനൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മാന്നാർ-പുലിയൂർ റോഡിൽ പടിഞ്ഞാറ്റിൻചേരി അമ്പലത്തിനു പടിഞ്ഞാറു ഭാഗത്ത് നടുറോഡിലാണ് സംഭവം. മാലിന്യകൂമ്പാരം നടുറോഡിൽ കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. ബാർബർഷോപ്പിൽ നിന്നും മാലിന്യം ചാക്കിലാക്കി രാത്രിയിൽ വണ്ടിയിലെത്തി നിക്ഷേപിച്ച് പോയതാണെന്ന് നാട്ടുകാർ പറയുന്നു. മാരകരോഗങ്ങൾക്ക് കാരണമാകുന്ന ഉപയോഗിച്ച കൈയ്യുറകളും മാസ്കുകളും ഇക്കൂട്ടത്തിലുണ്ട്. മുടി മാലിന്യങ്ങളും ചത്ത ജീവികളുടെ അവശിഷ്ടങ്ങളും പഴം തുണികളും സ്ഥിരമായി ഈ ഭാഗത്ത് നിക്ഷേപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.