ചേർത്തല:വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കാൻ മലയാളി പഠിക്കണമെന്ന് കൃഷി മന്ത്റി പി. പ്രസാദ് പറഞ്ഞു. ചേർത്തല നഗരസഭയുടെ സമ്പൂർണ ശുചിത്വ പരിപാടി ചേലൊത്ത ചേർത്തലയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്റി.
കൊച്ചി വെണ്ണലയിലുള്ള സി.ഐ.ബി. അഡ്വർടൈസിംഗ് ഏജൻസിയിലെ കെ.എസ്.സുഭാഷാണ് നഗരസഭക്ക് വേണ്ടി ലോഗോ രൂപകൽപ്പന ചെയ്തത്. ചേലൊത്ത ചേർത്തലയുടെ ഭാഗമായ ശുചിത്വ സർവേ നടത്തിയ സന്നദ്ധ പ്രവർത്തകർക്കുള്ള സാക്ഷ്യപത്രവും ഉപഹാരവും മന്ത്രി വിതരണം ചെയ്തു.
മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി എസ്. അജയകുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ.എസ്. സാബു,ശോഭാ ജോഷി, ജി.രഞ്ജിത്ത്, ലിസി ടോമി, ഏലിക്കുട്ടിജോൺ, കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്,നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, ഹെൽത്ത്‌സൂപ്പർ വൈസർ എസ്. സുധീപ് എന്നിവർ സംസാരിച്ചു.