മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകരുടെ സെക്രട്ടറിയേറ്റ് ധർണ 12ന് നടക്കും. അഞ്ചര വർഷക്കാലമായിട്ടും നീതി ലഭിക്കാത്ത നിക്ഷേപകർ നടത്തിവന്ന സമര പരിപാടിയുടെ ഭാഗമാണ് ധർണ. അഞ്ചര വർഷക്കാലത്തിനിടെ രണ്ട് ആത്മഹത്യകൾ ഉൾപ്പടെ ഏഴോളം പേരാണ് പണം നഷ്ടമായതിനെ തുടർന്ന് മരണപ്പെട്ടത്. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങളാവും സമീപഭാവിയിൽ ഉണ്ടാകുകയെന്ന് നിക്ഷേപക കൂട്ടായ്മ അറിയിച്ചു. രണ്ടര വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് ഭരണ സമിതി നിലവിൽ വന്നപ്പോൾ ഒരു വർഷത്തിനകം നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. സഹകരണ ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ വിവിധ പാക്കേജുകൾ ഉണ്ടാക്കിയിരുന്നെങ്കിലും ഭരണസമിതി ഒന്നും പ്രാവർത്തികമാക്കിയില്ല. രണ്ടര വർഷക്കാലമായി ബാങ്കിന് നഷ്ടങ്ങളല്ലാതെ ലാഭം ഉണ്ടായിട്ടില്ല. ഇങ്ങനെ പോകുകയാണെങ്കിൽ സമീപഭാവിൽ ബാങ്ക് തന്നെ ഉണ്ടാകില്ല. ഈ പശ്ചാത്തലത്തിലാണ് നിഷ്‌ക്രിയ ഭരണ സമിതിയെ പരിച്ചുവിടണമെന്നും കൺസോർഷ്യവും മറ്റ് പാക്കേജുകളും ഏർപ്പെടുത്തി ബാങ്കിനെ രക്ഷപെടുത്തണമെന്നുമുള്ള ആവശ്യവുമായി നിക്ഷേപകർ സമരത്തിനൊരുങ്ങുന്നതെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ബി.ജയകുമാർ, റ്റി.കെ.പ്രഭാകരൻനായർ, എം.വിനയൻ, രമാരാജൻ, തോമസ് വർഗീസ് എന്നിവർ അറിയിച്ചു.