മാവേലിക്കര : സമഗ്ര ശിക്ഷാ കേരളം മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. ചെട്ടികുളങ്ങര പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.എസ് തെക്കേക്കര നോർത്ത് ഭഗവതിപടി സ്കൂളിലെ നിലവിലുള്ള പ്രീ പ്രൈമറി വിഭാഗത്തെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക നിലവാരത്തിലും മികവുറ്റ കേന്ദ്രമാക്കി മാറ്റാൻ എസ്.എസ്.കെ സ്റ്റാർസ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ശാസ്ത്രം, ഗണിതം, സംഗീതം, അഭിനയം, വായന, രചന,നിർമ്മാണം തുടങ്ങി പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കുകയാണ്. ഐ.സി.ടി സങ്കേതങ്ങൾ കൂടി പ്രയോജനപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസവും നടപ്പിലാക്കും. വിവിധ തീമുകളുടെ അടിസ്ഥാനത്തിൽ ഭംഗിയാക്കിയ ക്ലാസ് മുറികൾ, വ്യത്യസ്തമായ പ്രവേശന കവാടം, ശിശു സൗഹൃദ ഇരിപ്പിടം, പൂന്തോട്ടം, തീമുകൾക്കനുസരിച്ചുള്ള നിർമിതികൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുട്ടികൾക്കായി ഒരുക്കും. പ്രാദേശിക വിദഗ്ദ്ധരുടെയും അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും നേതൃത്വത്തിൽ ശില്പശാല നടത്തി പഠന വസ്തുക്കൾ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രീ സ്കൂൾ വർണ കൂടാരം പദ്ധതിയുടെ കല്ലിടിയിൽ കർമ്മം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് നിർവഹിച്ചു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഗീതാവിജയൻ, സ്കൂൾ സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീലതകുമാരി.സി, മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി.പ്രമോദ്, ട്രെയിനർമാരായ സി.ജ്യോതികുമാർ, സജീഷ്.ജി, എസ്.എം.സി ചെയർപേഴ്സൺ ദിവ്യ വൈ.എസ്, പ്രൈമറി ടീച്ചർ ബിന്ദു.പി.എസ് എന്നിവർ സംസാരിച്ചു.