ചേർത്തല: ഭാഗ്യക്കുറി നമ്പർ തിരുത്തി , വൃദ്ധനായ ഭാഗ്യക്കുറി വില്പനക്കാരനിൽ നിന്ന് പണം തട്ടി.വരകാടി സ്വദേശി വാസുദേവനിൽ നിന്നാണ് ശനിയാഴ്ച 500 രൂപ തട്ടിയത്.ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ടിക്ക​റ്റാണ് നൽകിയത്.നാല് എന്ന അക്കം വെട്ടി ഒട്ടിച്ചനിലയിലായിരുന്നെങ്കിലും 65 വയസുളള വാസുദേവന് ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. മൂന്ന് ടിക്ക​റ്റുകളും ബാക്കി പണവും നൽകി. ടിക്ക​റ്റുമായി ഏജൻസിയിൽ എത്തിയപ്പോഴാണ് നാല് എന്ന അക്കം വെട്ടി ഒട്ടിച്ചത് വാസുദേവന് മനസിലായത്. കഞ്ഞിക്കുഴി സ്വദേശി സുധർമ്മയുടെ പക്കൽ നിന്ന് കഴിഞ്ഞ ദിവസം 3000 രൂപയും ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു.വെട്ടി ഒട്ടിച്ച നമ്പറുമായി വന്നയാൾ ആദ്യം രണ്ടായിരം രൂപയും പിന്നീട് ആയിരം രൂപയും തട്ടിയെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടുമെന്ന് മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്​റ്റ്യൻ അറിയിച്ചു.