photo

ആലപ്പുഴ: മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവും മാരകായുധങ്ങളുമായി യുവാവ് പിടിയിലായി. മണ്ണഞ്ചേരി ആനക്കൽ കളത്തിൽ ചിറ വീട്ടിൽ സുജിത്തിനെയാണ് (24) നർക്കോട്ടിക്സെൽ ഡിവൈ എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. നാലുഗ്രാം എം.ഡി.എം.എയും 90 ഗ്രാം ഗഞ്ചാവും 3 വിവിധ വലുപ്പത്തിലും രുപത്തിലുമുള്ള വാളുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ, ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജ്, മണ്ണഞ്ചേരി സി.ഐ മോഹിത് എന്നിവർ ഉൾപ്പെട്ട പ്രത്യേകസംഘം നടത്തിയ പരിശോധനയിൽ മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിൽ നിന്നും നേരിട്ട് വാങ്ങി നാട്ടിൽവിൽക്കാൻ കൊണ്ടുവന്നതാണ് മയക്കുരുന്നെന്നും ഗ്രാമിന് രണ്ടായിരം മുതൽ അയ്യായ്യിരം രൂപ വരെ വിലയ്ക്കാണ് വിൽപ്പനനടത്തുന്നതെന്നുംസുജിത്ത് പൊലീസിനോട് പറഞ്ഞു.