മാവേലിക്കര താലൂക്കിലെ കുറത്തികാട് സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കിൽ വെള്ളമെത്തിക്കാനുള്ള തടസങ്ങൾ പൂർണമായും നീങ്ങിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള കല്ലുമല റെയിൽവേ ക്രോസിന് സമീത്തായുള്ള റെയിൽവേ ട്രാക്കിന് ഇരുവശങ്ങളിലുമായി സ്റ്റീൽ ആർച്ച് സ്ഥാപിച്ച് പൈപ്പ് ലൈൻ കൊണ്ടുപോകാനുള്ള വാട്ടർ അതോറിട്ടി​യുടെ പദ്ധതിക്ക് റെയിൽവേ തിരുവനന്തപുരം ഡിവിഷനും സതേൺ റെയിൽവേയും അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം ഡിവിഷന്റെ അന്തിമ അനുമതി ലഭിക്കുന്നതിന് വേണ്ടി കേരളാ വാട്ടർ അതോറിറ്റി 25,28,885 രൂപ റെയിൽവേയുടെ അക്കൗണ്ടിലേക്ക് കൈമാറിയാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് എം.പി അറിയിച്ചു.

റെയിൽവേ ആവശ്യപ്പെട്ട പ്രകാരം കേരളാ വാട്ടർ അതോറിറ്റി 25,38,885 രൂപ അടച്ചുകഴിഞ്ഞാൽ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കേരളാ വാട്ടർ അതോറിറ്റിക്ക് റെയിൽവേ ട്രാക്കിനിരുവശത്തുമായി സ്റ്റീൽ ആർച്ചുകൾ സ്ഥാപിക്കും. അതിലൂടെ പൈപ്പിട്ട് അച്ചൻകോവിലാറ്റിൽ നിന്നും വെള്ളം ശേഖരിച്ച് പ്രായിക്കര ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് റെയിൽവേ ട്രാക്കിന് മുകളിലൂടെ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ കുറത്തികാട് ഓവർഹെഡ് ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള അനുമതി ലഭിച്ച സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണമാരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കുറത്തികാട് ഓവർ ഹെഡ് ടാങ്കിൽ വെള്ളമെത്തിക്കാൻ കഴിയുന്നതോടെ മാവേലിക്കര താലൂക്കിലെ മാവേലിക്കര തെക്കേക്കര, വള്ളികുന്നം, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ നാല് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.