vanchi

ആലപ്പുഴ: കൊവിഡിട്ട പൂട്ട് അഴിഞ്ഞതോടെ വഞ്ചിപ്പാട്ടിന്റെ ആർപ്പു വിളി വീണ്ടും ഉണരുന്നു. മൂലം ജലോത്സവത്തിന് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരം ഇന്ന് ചമ്പക്കുളത്ത് അരങ്ങേറും. സ്ത്രീ - പുരുഷ - ബാല ടീമുകളാണ് ആവേശത്തോടെ മത്സരത്തിന്റെ ഭാഗമാവുക. നെഹ്റുട്രോഫി ജലമേളയോടനുബന്ധിച്ചുള്ള മത്സരത്തിന്റെ ട്രയലായാണ് ഇന്നത്തെ മത്സരത്തെ കണക്കാക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി വേദിയില്ലാതെ ഒതുങ്ങുകയായിരുന്നു വഞ്ചിപ്പാട്ട് കലാകാരന്മാർ. ഓണക്കാലത്ത് വള്ളംകളിയോടനുബന്ധിച്ചായിരുന്നു വഞ്ചിപ്പാട്ട് കലാകാരന്മാർക്ക് ഏറ്റവും കൂടുതൽ അവസരം ലഭിച്ചിരുന്നത്. ഇത് കൂടാതെ വിവാഹചടങ്ങുകൾ, വിവിധ സമ്മേളന വേദികൾ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് സ്ഥിരമായ ബുക്കിംഗുകൾ ലഭിക്കുന്ന ഇനമല്ലാത്തത്തിനാൽ പ്രതിഫലേച്ഛയില്ലാതെ കലയെ സ്‌നേഹിച്ചെത്തുന്നവരാണ് വഞ്ചിപ്പാട്ട് കലാകാരിൽ ഏറെയും. ചുണ്ടൻ വള്ളങ്ങളിലെ താളക്കാരുടെ പാട്ടിന്റെ ശബ്ദമാണ് പലപ്പോഴും തുഴയെറിയുന്ന ശക്തിയെ നിയന്ത്രിക്കുന്നത്. ചുണ്ട് തൊട്ട് അമരം വരെ കേൾക്കാൻ പാകത്തിന് ഉറക്കെ പാടാൻ കെൽപ്പുള്ളവരാണ് പ്രധാന താളക്കാരായി വള്ളങ്ങളിലുണ്ടാവുക. ശബ്ദമാധുര്യം, കണ്ഠശുദ്ധി, ശ്വാസം നിയന്ത്രിക്കാനുള്ള കഴിവ്, ആരോഗ്യം തുടങ്ങി പല ഘടകങ്ങൾ പരിശോധിച്ചാണ് ഓരോ കലാകാരനെയും വഞ്ചിപ്പാട്ട് സംഘങ്ങളിലെടുക്കാറുള്ളത്. സ്ത്രീകളും പുരുഷന്മാരും വെവ്വേറെയായി നിരവധി വഞ്ചിപ്പാട്ട് സംഘങ്ങളാണ് ജില്ലയിലുള്ളത്. സ്‌കൂൾ കലോത്സവങ്ങൾ നടക്കാതായതും ഈ മേഖലയ്ക്ക് തിരിച്ചടിയായി. മുൻ എം.എൽ.എ സി.കെ.സദാശിവന്റെ ദീർഘകാല പരിശ്രമത്തിനൊടുവിൽ 53ാം കലോത്സവം മുതലാണ് വഞ്ചിപ്പാട്ട് മത്സരയിനമായത്. ഇതോടെ വർഷാവർഷം പരിശീലകർക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.

............................................

വഞ്ചിപ്പാട്ട് 3 തരം

കുട്ടനാടൻ, ആറന്മുള, വെച്ചുപാട്ട്

സാധാരണ പാട്ടിന് - 10 അംഗങ്ങൾ

വെച്ചുപാട്ടിന് - 13 അംഗങ്ങൾ

.....................................................

വീണ്ടു വഞ്ചിപ്പാട്ടിന് അവസരങ്ങൾ ലഭിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. നീണ്ട ഇടവേളയുണ്ടായെങ്കിലും പുതിയ ടീമുകളും രംഗത്തെത്തുകയാണ്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഇന്ന് ടീമുകൾ രംഗത്തിറങ്ങുന്നത്.

രാരിച്ചൻ ഉമ്പുക്കാട്, സംഘാടകൻ, തോട്ടുവാത്തല വനിതാവേദി വഞ്ചിപ്പാട്ട് സംഘം