
മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവന്ന ശ്രീമഹാരുദ്രയജ്ഞ സമാപന വേദിയിൽ മാദ്ധ്യമപ്രവർത്തകൻ അബ്ദുൽ ഫൈസിയുടെ ഭവനനിർമ്മാണത്തിലേക്ക് ധനസഹായം. മാന്നാർ കുരട്ടിശേരി പുത്തൻ പീടികയിൽ അബ്ദുൽ ഫൈസിക്കും കുടുംബത്തിനും മാന്നാർ മീഡിയ സെന്ററും ചോരാത്തവീടും കൈകോർത്ത് കൊണ്ട് സുമനസുകളുടെ സഹായത്താൽ നിർമ്മിക്കുന്ന ഭവന നിർമ്മാണത്തിനായുള്ള ധനസഹായമാണ്, തേവരിക്കൽ ശ്രീമഹാദേവ ക്ഷേത്രം ഉപദേശകസമിതി മാന്നാർ മീഡിയ സെന്റർ സെക്രട്ടറി സുരേഷ് കുമാറിന് കൈമാറിയത്.
ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം, മീഡിയസെന്റർ അംഗം അൻഷാദ്.പി.ജെ, ശ്രീരുദ്ര മഹായജ്ഞം സ്വാഗതസംഘം ചെയർമാൻ ആർ.വെങ്കിടാചലം, രക്ഷാധികാരി കുട്ടൻ നായർ, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ എച്ച്.അരുൺ, പി.സി ഓമനക്കുട്ടൻ, അജീഷ്.ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാലുപതിറ്റാണ്ടായി വിവിധയിടങ്ങളിൽ മാറിമാറി വാടക വീടുകളിൽ കഴിഞ്ഞു വന്നിരുന്ന മാദ്ധ്യമ പ്രവർത്തകൻ അബ്ദുൽ ഫൈസിക്കും കുടുബത്തിനും വീട് നിർമ്മിച്ച് നൽകാനായി മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മാന്നാർ മീഡിയസെന്റർ ചോരാത്തവീട് ഭവനപുനരുദ്ധാരണ പദ്ധതിയുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തിവരികയാണ്.