photo

ആലപ്പുഴ: ഒരു ജീവൻ പൊലിഞ്ഞിട്ടും വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തെ അനധികൃത പാർക്കിംഗ് തടയുന്നതിന് അധികൃതർ മൗനം പാലിക്കുന്നു. കയർ യന്ത്രനിർമ്മാണ ഫാക്ടറിയുടെ മുന്നിലുള്ള ഇടറോഡിലൂടെ വരുന്ന വാഹനങ്ങൾ വൈ.എം.സി.എ ജംഗ്ഷന് വടക്കേക്കരേക്ക് ഇറങ്ങുന്നിടത്താണ് അപകടം നിത്യസംഭവമാകുന്നത്. കഴിഞ്ഞ മാസം ഒന്നിന് കാഞ്ഞിരംചിറ മംഗലം മുണ്ടുചിറയിൽ ഗോപീകൃഷ്ണന്റെ (23) ജീവൻ പൊലിഞ്ഞു. എന്നിട്ടും മോട്ടോർ വാഹന വകുപ്പും പൊതുവരാമത്ത് വകുപ്പും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. ഈ ഭാഗത്തെ വ്യാപാരശാലകളിൽ എത്തുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങുമായി ഇട റോഡിന്റെ ഭാഗത്ത് പാർക്ക് ചെയ്യുന്നത്. ഇതിനാൽ പ്രധാന റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ കഴിയാതെ വരും. വൈ.എം.സിയുടെ കിഴക്ക് ഭാഗത്തെ വടക്കോട്ടുള്ള റോഡ് തുടങ്ങുന്ന ഭാഗത്താണ് അനധികൃത പാർക്കിംഗ്. ഇത് അപകടത്തിന് വഴിയൊരുക്കും. വൈ.എം.സി പാലത്തിന് സമീപത്തെ സിഗ്നൽ ലൈറ്റ് വീഴുന്നതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്നുപോകുന്നതും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്.

.........

# ഇടറോഡിൽ നിന്നുള്ള ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ സൈൻ ബോർഡോ നോപാർക്കിംഗ് ബോർഡോ സ്ഥാപിക്കണം.

# അനധികൃത പാർക്കിംഗ് തടയാൻ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കണം.

"വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തെ അനധികൃത പാർക്കിംഗ് തടയുന്നതിന് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തണം. പാർക്കിംഗ് സംവിധാനം ഇല്ലാതെയുള്ള കെട്ടിട നിർമ്മാണമാണ് ഇതിന് കാരണം. നോപാർക്കിംഗ് ബോർഡുകളോ ഹമ്പോ സ്ഥാപിക്കാൻ പൊതുവരാമത്ത് വകുപ്പ് തയ്യാറാവണം.

പ്രദീപ്, പ്രദേശവാസി.

"നഗരത്തിൽ അപകടം വിതയ്ക്കുന്ന അനധികൃത പാർക്കിംഗ് തടയുന്നതിന് പിഴ ഈടാക്കും. വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തെ പാർക്കിംഗ് ഇല്ലാതാക്കുവാൻ നടപടി ആരംഭിച്ചു.

ട്രാഫിക് പൊലീസ്, ആലപ്പുഴ