തുറവൂർ : ശോച്യാവസ്ഥയിലായ ആയിരക്കണക്കിന് ഗ്രാമീണ റോഡുകളുടെ പുനർ നിർമ്മാണം ഇനിയും നീളാൻ സാദ്ധ്യത. പ്രാദേശിക റോഡ് വികസനത്തിനായി അനുവദിച്ച ഫണ്ട് സർക്കാർ ഭീമമായ തോതിൽ വെട്ടിക്കുറച്ചതാണ് കാരണം. കഴിഞ്ഞ പ്രളയത്തിലും കനത്ത മഴയിലുമായി ജില്ലയിൽ തകർന്ന ആയിരക്കണക്കിന് റോഡുകൾക്കാണ് ഇത് വിനയാകുന്നത്. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അനുവദിച്ച ഫണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ദിവസം പെട്ടെന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സർക്കാർ വെട്ടിച്ചുരുക്കിയത്. പഞ്ചായത്തുകൾ സമർപ്പിച്ച പദ്ധതിയും അടങ്കൽ തുകയുമടക്കം അംഗീകരിച്ച് അനുവദിച്ച തുകയിൽ നിന്ന് തുക നാലിലൊന്നായി വെട്ടി ചുരുക്കിയത് . തുറവൂർ ഗ്രാമപഞ്ചായത്തിന് തന്നെ 1.40 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുകയും ഫണ്ട് അനുവദിക്കുകയും പിന്നീട് 24 ലക്ഷം രൂപയായി വെട്ടിച്ചുരുക്കി. മറ്റ് പഞ്ചായത്തുകൾക്കും സമാന അവസ്ഥയാണ് ഉള്ളത്. ജില്ലാ പ്ലാനിംഗ് വിഭാഗവുമായി പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.സംസ്ഥാന ധനകാര്യ വകുപ്പ് പഞ്ചായത്തുകൾക്കുള്ള റോഡ് മെയിന്റനൻസ് ഫണ്ട് നാമമാത്രമായതോടെ ജില്ലയിലെ തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകളുടേയും പാലങ്ങളുടേയും അറ്റകുറ്റപ്പണിയും പുതുക്കിപ്പണിയലുമൊക്കെ ത്രിശങ്കുവിലായിരിക്കുകയാണ്. കാൽ നടയാത്ര പോലും അസാദ്ധ്യമായ നിരവധി റോഡുകളാണ് ഓരോ പഞ്ചായത്തുകൾക്കും കീഴിൽ ഉള്ളത്. സംസ്ഥാന സർക്കാർ കാര്യമായ തോതിൽ ഫണ്ട് വെട്ടികുറച്ചത് പഞ്ചായത്തുകളിലെ റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തുറവുർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ , വൈസ് പ്രസിഡണ്ട് സി.ഒ .ജോർജ് എന്നിവർ പറഞ്ഞു. വെട്ടിക്കുറച്ച തുക അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.