
ചേർത്തല :ശ്രീകോവിൽ പ്രതീഷ്ഠ ചടങ്ങുകളും ത്രീ ശക്തി സമീക്ഷാ സത്രവും നടക്കുന്ന കണ്ട മംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. മഹാഗണപതി ഹോമങ്ങളും പുജാദി കർമ്മങ്ങളും ദർശിച്ച് സായൂജ്യമടയാൻ ഇന്നലെയും വൻ ഭക്തജന പ്രവാഹമായിരുന്നു. ഓരോ ദിവസവും രാവിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്റി മുഖ്യൻമാർ നടത്തുന്ന മഹാഗണപതി ഹോമങ്ങളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒഴുകി എത്തുകയാണ്. ആദ്യ ദിനത്തിൽ തളിപ്പറമ്പ് തൃച്ചംബരം രാജരാജേശ്വരി ക്ഷേത്രം തന്ത്റി പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ കാർമ്മിത്വത്തിലായിരുന്നു മഹാഗണപതി ഹോമത്തിന് തുടക്കം. ട്രിച്ചി ലളിതാമഹിളാ സമാജം കുളിത്തലൈ മാതാജി വിദ്യാംബാ സരസ്വതിയുടെ മുഖ്യ കാർമ്മികത്വത്തിൽ നാലോളം സന്യാസിനിമാർ നടത്തിയ വഞ്ഛാകൽപലതാ മഹാഗണപതി ഹോമം ഭക്തജനങ്ങൾക്ക് വേറിട്ടനുഭമായി.
സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, കാവനാട് രാമൻ നമ്പൂതിരി, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്റി ഡോ. രാമചന്ദ്ര അഡിഗ എന്നിവരും മഹാഗണപതി ഹോമങ്ങൾക്ക് കാർമ്മികരായി.ഇന്നലെ ഡോ. കാരുമാത്ര വിജയൻ തന്ത്റിയുടെ പ്രഭാഷണവും നടന്നു.
പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ ഡോ. കാരുമാത്ര വിജയൻ തന്ത്റിയുടെ കാർമ്മികത്വത്തിലാണ് മഹാഗണപതി ഹോമം നടക്കുക. രാവിലെ 6.40 നും 7 നും മദ്ധ്യേയാണ് ശക്തിവിനായക പ്രതിഷ്ഠ നടക്കുക. 9 ന് നടക്കുന്ന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണം നിർവഹിക്കും. തമിഴ്‌നാട് ദേവസ്വം മന്ത്റി ശേഖർ ബാബു ദീപ പ്രകാശനം നടത്തും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയാകും. സംഘാടക സമിതി ചെയർമാൻ എൻ. രാമദാസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് അത്യപൂർവ്വമായുള്ള യതിപൂജയും നടക്കും. കേരളത്തിലെ പന്ത്റണ്ടോളം സന്യാസ ശ്രേഷ്ഠൻമാർ യതി പൂജയിൽ പൂജിതരാകും.
12 ന് രാവിലെ 10 ന് പള്ളിക്കൽ സുനിൽ ആചാര്യനായി ശിവപുരാണ സമീക്ഷ ആരംഭിക്കും. വൈകിട്ട് 5 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ സത്ര സന്ദേശം നൽകും. രാത്രി 8.30 ന് പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന അമൃതതരംഗിണി സംഗീത പരിപാടിയും അരങ്ങേറും.
ഇന്നലെ ഗണേഷ് കെ. പെരുമാൾ ഗണേശ പുരാണത്തിന്റെ ഘടന വിവരണവും വിമൽ വിജയ് കന്യാകുമാരി വിവിധ ഗണേശ സംസ്‌കൃതികളും പരിചയപ്പെടുത്തി. ഗണപത്യപാസനയുടെ പ്രായോഗിക രഹസ്യം എന്ന വിഷയത്തിൽ ആർട്ട് ഓഫ് ലീവിംഗ് തുറവൂർ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സത് സംഗ് നടന്നു. ദലീമജോ ജോ എം.എൽ.എ. ഇന്നലെ സത്രവേദി സന്ദർശിച്ചു. ക്ഷേത്രം തന്ത്റി ജിതിൻ ഗോപാൽ, കണ്ടമംഗലം ക്ഷേത്രം മേൽ ശാന്തി പി.കെ.ചന്ദ്രദാസ്, ശക്തി വിനായക ക്ഷേത്രം ശാന്തി നിബിൻ എന്നിവരുടെ കാർമ്മികത്വത്തിൽ ദിവസേന പ്രത്യേക വൈദിക താന്ത്റിക കർമ്മങ്ങളും നടക്കുന്നുണ്ട്.