anumodana-sammelanam

മാന്നാർ: ശ്രീനാരായണ ഗുരുദേവകൃതികൾ വിജ്ഞാനത്തിനു ഏറെ പ്രാധാന്യം നൽകുന്നവയാണെന്നും ഈശ്വരൻ അറിവാണ് എന്നസത്യം ലോകജനതയെ ബോധ്യപ്പെടുത്താൻ ഗുരുദേവന് സാധിച്ചതായും , കേരള ഫോക്‌ലോർ അക്കാദമി ചെയർമാനും കവിയും ഗാനരചയിതാവുമായ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയുടെയും 1479-ാം നമ്പർ ശാരദാവിലാസം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിലെ ഉന്നതവിജയികൾക്കും ശ്രീനാരായണകലോത്സവ വിജയികൾക്കും അനുമോദനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർവകലാശാല ബി.പി.എ ബിരുദപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കണ്മണി, ശ്രീനാരായണ കലോത്സവത്തിൽ ഉപന്യാസ രചനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഷ്ടമി വിജയൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ്, മാന്നാർ യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പാ ശശികുമാർ, വൈസ് ചെയർപേഴ്സൺ സുജാതാ നുന്നുപ്രകാശ്, എസ്.എൻ സെൻട്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ലക്ഷ്മിചന്ദ്ര, കണ്മണി, ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ, വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ്, വൈസ് പ്രസിഡന്റ്‌ സുധാ വിവേക് തുടങ്ങിയവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി ലതാ ഉത്തമൻ നന്ദിയും പറഞ്ഞു.