
ആലപ്പുഴ : ആലപ്പുഴ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഇടം പിടിച്ചെങ്കിലും, നായ്ക്കളുടെ വന്ധ്യംകരണം നടത്താനുള്ള എ.ബി.സി പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ ഹൈക്കോടതി കനിയണം.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയായിരുന്നു വന്ധ്യംകരണ പദ്ധതി നടന്നിരുന്നത്. എന്നാൽ, കുടുംബശ്രീ അംഗീകൃത ജന്തുക്ഷേമ സംഘടനയല്ലാത്തതിനാൽ ഇവരിൽ നിന്നും ചുമതല മാറ്റി ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പദ്ധതി പാടെ നിലച്ചത്. വെറ്ററിനറി സർജന്മാരെ നിർവഹണ ഉദ്യോഗസ്ഥരായി നിയമിച്ച് ജന്തുക്ഷേമ സംഘടനയെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാമെങ്കിലും, ഇത്തരത്തിലാരും മുന്നോട്ടു വരുന്നില്ല. നായകളെ പിടിക്കാൻ പരിശീലനം ലഭിച്ചവർ കുറവായതും തിരിച്ചടിയാണ്.
കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ എ.ബി.സി പദ്ധതിക്കും, നായ്ക്കളുടെ വാക്സിനേഷനും വേണ്ടി ഫണ്ട് നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതോടെ എ.ബി.സിക്കുള്ള ഫണ്ട് മറ്റ് പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുകയായിരുന്നു.
നഗരം കീഴടക്കി നായ്ക്കൾ
പ്രഭാത സവാരിക്കിറങ്ങുന്നവർ, സ്കൂൾ കുട്ടികൾ, ലോട്ടറി വിൽപ്പനക്കാർ മുതൽ വിനോദ സഞ്ചാരികൾ വരെ പ്രതിദിനം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആലപ്പുഴ ബീച്ചിലെത്തുന്ന സഞ്ചാരികളും കച്ചവടക്കാരും സ്ഥിരം ഇരകളാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. കഴിഞ്ഞവർഷം എ.ബി.സി പദ്ധതിക്ക് സ്റ്റേ ഉത്തരവ് വരുന്നതിന് മുമ്പ് 898 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. 2020ൽ 9,376 നായ്ക്കളെയും വന്ധ്യംകരണം നടത്തിയതായാണ് കണക്ക്.
പ്രതിരോധ മരുന്നിന് ക്ഷാമം
പേ വിഷ പ്രതിരോധ മരുന്നിന് ക്ഷാമമുള്ളതും, പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച പെൺകുട്ടി പാലക്കാട് ജില്ലയിൽ മരിച്ചതും ജനങ്ങൾക്കിടയിൽ ആശങ്ക വളർത്തുകയാണ്. വന്ധ്യംകരണം നിലച്ചതിനൊപ്പം പൊതുനിരത്തിൽ ആവശ്യത്തിന് അറവുമാലിന്യമുൾപ്പടെ ലഭ്യമാണെന്നത് നായ്ക്കൾ പെരുകാൻ കാരണമാകുന്നുണ്ട്. കണിച്ചുകുളങ്ങരയിൽ ഷെൽട്ടർ ഹോമുണ്ടെങ്കിലും, എല്ലാ നായ്ക്കളെയും ഇവിടേക്ക് മാറ്റി പാർപ്പിക്കുക പ്രായോഗികമല്ല. നഗരത്തിൽ ഇത്തരം ഷെൽട്ടറുകൾ ആരംഭിക്കാൻ പദ്ധതിയിട്ടാൽ ആദ്യംതന്നെ എതിർ സ്വരങ്ങൾ ഉയരുമെന്നും അധികൃതർ പറയുന്നു.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചാൽ നടപ്പാക്കാനുള്ള സൗകര്യത്തിനാണ് വികസന പദ്ധതിയിൽ എ.ബി.സി പ്രോജക്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ നായ്ക്കളെയും പിടിച്ച് കൂട്ടിലാക്കുന്നത് പ്രായോഗികമായ കാര്യമല്ല. വന്ധ്യംകരണമാണ് ഏറ്റവും ഗുണകരമായ മാർഗം.
-സൗമ്യരാജ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ