
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ മുങ്ങിയ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പഞ്ഞ കർക്കടകത്തോട് വിടപറയാൻ പുത്തൻ പാക്കേജുകൾ ഒരുക്കുകയാണ് ആയുർവേദ കേന്ദ്രങ്ങൾ. കർക്കടക പാക്കേജ് മാത്രം ലക്ഷ്യമിട്ട് ആയിരക്കണക്കിന് വിദേശികളും അന്യ സംസ്ഥാനക്കാരുമാണ് കൊവിഡിന് മുമ്പ് കേരളത്തിലെത്തിയിരുന്നത്. ഇത്തവണയും പ്രമുഖ ആയുർവേദ കേന്ദ്രങ്ങളിൽ ആയുർവേദ ചികിത്സ സംബന്ധിച്ച അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഔഷധ സേവയും, ഉഴിച്ചിലും മുതൽ പഞ്ചകർമ്മ ചികിത്സ വരെ ഉൾപ്പെടുന്ന കർക്കടക ചികിത്സ ലഭ്യമാണ്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല, രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതാണ് ഉത്തമമെന്ന ചിന്തയാണ് ആയുർവേദ കർക്കടക ചികിത്സയുടെ അടിസ്ഥാനം. ചില രോഗങ്ങൾക്കും, ഈ സമയം പ്രത്യേക ചികിത്സകൾ നടത്താറുണ്ട്.
കർക്കടക ചികിത്സ
വേനലിന്റെ കടുപ്പമേറിയ ചൂടിൽ നിന്ന് മഴക്കാലത്തെ തണുപ്പിലേക്കുള്ള മാറ്റം ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. രോഗാണുക്കളുടെയും, രോഗവാഹകരുടെയും സാന്ദ്രത കൂടുന്ന സമയമാണിത്. സ്വാഭാവികമായും പ്രതിരോധ ശേഷി കുറവുള്ള ഈ സമയത്ത് രോഗം ബാധിക്കാനുള്ള സാദ്ധ്യതയും കൂടും. ദഹനശക്തി കുറയും. ഇത്തരം സ്വാധീനങ്ങളിൽ നിന്നുള്ള മുക്തിയാണ് കർക്കടക ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. വിരേചനത്തിൽ ആരംഭിച്ച്, ദഹനത്തെ വർദ്ധിപ്പിക്കുന്ന ഭക്ഷണം, ഔഷധ - രസായന സേവ, പഞ്ചകർമ്മ ചികിത്സ വരെ ഉൾപ്പെടുന്നതാണ് ചികിത്സ.
പാക്കേജുകൾ പലവിധം
ചികിത്സ തേടിയെത്തുന്നവരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് 7 ദിവസം മുതൽ 30 ദിവസം വരെ നീളുന്ന കർക്കടക പാക്കേജുകളുണ്ട്. 9000 രൂപ മുതൽ 30,000 രൂപ വരെ ചികിത്സാ ചെലവ് വരും. തിരുമ്മൽ, കിഴി, കഷായം, അരിഷ്ടം, ദേഹശുദ്ധീകരണത്തിനുള്ള നസ്യം എന്നിവയുൾപ്പെടും. വാതസംബന്ധമായ രോഗങ്ങളിൽ നിന്ന് മുക്തി തേടി എല്ലാ വർഷവും നിരവധിപേർ പാക്കേജുകൾ ബുക്ക് ചെയ്യാറുണ്ട്
ഔഷധക്കഞ്ഞി
ചികിത്സാ കാലം ലക്ഷ്യംവച്ച് കർക്കടക വിപണിയും ഉണർന്നിട്ടുണ്ട്. പ്രമേഹബാധിതർക്കുള്ള ഔഷധക്കഞ്ഞി കിറ്റാണ് പുതിയ ഇനം. 250 രൂപയോളമാണ് ഒരു കിറ്റിന് വില. കർക്കടക കാലത്ത് ശരീരത്തിൽ എത്തിച്ചേരേണ്ട ഔഷധങ്ങൾ ഉറപ്പാക്കിയും, കലോറി മൂല്യം കുറച്ച് പ്രോട്ടീന് പ്രാധാന്യം നൽകിയാണ് കഞ്ഞിക്കൂട്ട് തയാറാക്കിയിരിക്കുന്നത്.
അടുത്ത ഒരു വർഷത്തേക്കുള്ള രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്തുന്നതാണ് കർക്കടക ചികിത്സ. വൈദ്യ നിർദ്ദേശ പ്രകാരം ഈ കാലയളവിൽ സുഖചികിത്സ തേടുന്നത് ഉത്തമമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചികിത്സ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ കൂടിയിട്ടുണ്ട്
- ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി (ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി)
ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം