
മാന്നാർ: മാന്നാറിന്റെ സാംസ്കാരിക രംഗത്തിന് തന്നെ അപമാനമായി നിലകൊള്ളുകയാണ് മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ സാംസ്കാരിക നിലയം. പതിനേഴാംവാർഡ് മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ റോഡിനു പടിഞ്ഞാറുവശം 10മീറ്റർ ഉള്ളിലേക്ക് മാറി സ്ഥിതിചെയ്യുന്ന കെട്ടിടം തകർന്ന് നിലംപൊത്താറായ നിലയിലായിട്ട് നാളുകളേറെയായി.
1989 ജൂണിൽ മാമ്മൻ ഐപ്പ് എം.എൽ.എ ശിലാസ്ഥാപനം നടത്തിയ കെട്ടിടം 1990 ജനുവരിയിൽ അന്ന് മാവേലിക്കര എം.പിയായിരുന്ന പ്രൊഫ.പി.ജെ.കുര്യനാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ.ബാലസുന്ദരപ്പണിക്കർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നാലുസെന്റിൽ സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ എന്നിവ ഉൾപ്പെട്ട കെട്ടിടം നിർമ്മിച്ചത്.
തുടക്കത്തിൽ വായനശാല, ലൈബ്രറി, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ച് താത്കാലിക ജീവനക്കാരനെ നിയോഗിക്കുകയും ഇതിനോടൊപ്പം വിദ്യാഭ്യാസ-പൊതുജന സേവനകേന്ദ്രങ്ങളും പ്രവർത്തിക്കുകയും ചെയ്തു. പത്തുവർഷം കഴിഞ്ഞപ്പോൾ സേവനകേന്ദ്രങ്ങൾ നിർത്തലാക്കുകയും വായനശാല പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കു മാറ്റുകയും ചെയ്തു. അതോടെ കെട്ടിടം അവഗണനയുടെ നടുവിലായി. പിന്നീട് ഒരുമുറി ഏകാംഗ ട്രഷറിക്ക് നൽകിയെങ്കിലും കുറ്റിയിൽ ജംഗ്‌ഷനിൽ സബ്ട്രഷറി വന്നതോടെ അതും വിട്ടൊഴിഞ്ഞു. കെ.പി.സീനത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, തിരഞ്ഞടുക്കപ്പെട്ട പത്തോളം സ്ത്രീകൾക്ക് കുടുംബശ്രീവഴി പരിശീലനംനൽകി സ്കൈബ്ലൂ റെഡിമെയ്ഡ് ഗാർമെന്റ് എന്നപേരിൽ തയ്യൽയൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സ്ഥാപനം വിജയകരമായിരുന്നെങ്കിലും അധികകാലം മുന്നോട്ടുപോയില്ല.
പിന്നീട് ആരും തിരിഞ്ഞ് നോക്കാതായതോടെ ജനാലകളും കതകുകളും പൊളിഞ്ഞും കോൺക്രീറ്റ്പാളികൾ അടർന്നും കെട്ടിടം തകർച്ചയുടെ വക്കിലായി. കെട്ടിടത്തിന് മുകളിൽ വെള്ളംകെട്ടിക്കിടന്നും പാഴ്മരങ്ങൾ വളർന്നും ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞു. തയ്യൽ യൂണിറ്റിലുണ്ടായിരുന്ന പത്തോളം തയ്യൽമെഷീനുകൾ തുരുമ്പെടുത്ത് നശിച്ചു. കസേരകളും മേശകളും ഉപയോഗശൂന്യമായി. നിരവധി സംഘടനകൾ കെട്ടിടത്തിൽ പ്രവർത്തനസൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചതോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കെട്ടിട പുനർനിർമ്മാണത്തിനു തുക വകയിരുത്തിയെങ്കിലും ടെൻഡർ എടുക്കാൻ ആരുമെത്തിയില്ല.
...............................
നിലവിലെ കെട്ടിടം പൊളിച്ച് ബഹുനിലകെട്ടിടം പണിയുന്നതിനായി ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ 20 ലക്ഷംരൂപ ആദ്യഘട്ടമെന്ന നിലയിൽ വകയിരുത്തിയിട്ടുണ്ട്. കെട്ടിടം വാലുവേഷൻ നടത്തുന്നതിന് പഞ്ചായത്ത് എ.ഇയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആധുനിക സൗകര്യത്തോടെയുള്ള ലൈബ്രറി, പി.എസ്.സി കോച്ചിംഗ് സെന്റർ എന്നിവ നടത്തുന്നതിനും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡിലെ അങ്കണവാടിക്കും ആവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.
ശാന്തിനി.എസ്, വാർഡ് മെമ്പർ
പഞ്ചായത്തിന്റെ ആസ്തിരേഖകളിൽ ഉൾപ്പെടാത്ത സ്ഥലമായതിനാലാണ് കെട്ടിട പുനർനിർമ്മാണം നീണ്ടു പോകുന്നത്. ആസ്തി രേഖകളിൽ ഉൾപ്പെടുത്തുവാനുള്ള നടപടികളാണ് ആദ്യം കൈക്കൊള്ളേണ്ടത്. പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ മാന്നാർ മീഡിയാ സെന്ററിന് പ്രവർത്തന സൗകര്യം നൽകാമെന്ന് പഞ്ചായത്ത് ഭരണസമിതികൾ നൽകിയിട്ടുള്ള വാഗ്ദാനം നടപ്പിലാകുന്നതും കാത്ത് കഴിയുകയാണ് മീഡിയസെന്റർ അംഗങ്ങൾ.
സതീഷ്, ശാന്തി നിവാസ്, പ്രസിഡന്റ് മാന്നാർ മീഡിയസെന്റർ