
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016ൽ നടന്ന തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ധർണ എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിക്ഷേപകരുടെ പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുക, നിഷ്ക്രിയ ഭരണസമിതി പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഇപ്പോഴത്തെ ഭരണ സമിതി കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഭരണ സമിതി ബാങ്കിനെ ലിക്വിഡേഷനിലേയ്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും നിഷേപക കൂട്ടായ്മ ആരോപിച്ചു.
തഴക്കര ശാഖയിൽ നടന്ന വൻ തട്ടിപ്പിനെ തുടർന്ന് പ്രാഥമിക അന്വേഷണത്തിൽ 38 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. വിവിധ അന്വേഷണ ഏജൻസികൾ കഴിഞ്ഞ അഞ്ചര വർഷക്കാലം അന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. അഞ്ചര വർഷമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങും എത്തിയില്ല. അഴിമതി ആരോപിതരായ ഉദ്യേഗസ്ഥർ, മുൻ ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് നടത്തേണ്ട റവന്യു റിക്കവറി ഓർഡർ 2020 ഫെബ്രുവരിയിൽ പുറപ്പെടുവിച്ചെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. ഈ ഭരണ സമിതി വന്നതിനു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സമഗ്രമായ അന്വേഷണ വിധേയമാക്കണമെന്ന് നിക്ഷേപക കൂട്ടായ്മ സഹകരണ മന്ത്രിയ്ക്ക് നിവേദനം കൊടുത്തിട്ടുണ്ട്. നിക്ഷേപ കൂട്ടായ്മ കൺവീനർ ബി.ജയകുമാർ സമരത്തിൽ അദ്ധ്യക്ഷനായി. അഡ്വ.എം.വിനയൻ, ടി.കെ.പ്രഭാകരൻ നായർ, തോമസ് വർഗീസ്, കെ.സി.ചെറിയാൻ, രമ രാജൻ എന്നിവർ സംസാരിച്ചു.