ph

കായംകുളം: തല ചായ്ക്കാൻ ഇടമില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടുക്കുന്നവർക്ക് അഭയമേകുവാൻ കായംകുളം നഗരസഭ പണികഴിപ്പിച്ച പകൽവീട് പ്രേതാലയമാകുന്നു. പകൽ വീടിന്റെ നിർമ്മാണം പൂർത്തിയായിട്ട് നാല് വർഷങ്ങൾ പിന്നിട്ടും കെട്ടിടം പ്രവർത്തനമില്ലാതെ കിടക്കുകയാണ്. പത്തനാപുരം ഗാന്ധി ഭവൻ ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകൾ പകൽ വീട് ഏറ്റെടുത്ത് നടത്തുവാൻ സന്നദ്ധത അറിയിച്ചുവെങ്കിലും നഗരസഭയുടെ മെല്ലപ്പോക്ക് തുടരുകയാണ്. നഗരത്തിൽ ചിറക്കടവത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പകൽവീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും ലഭ്യമായിട്ടും ഇതുവരെ തുറന്നുകൊടുന്നതിനെപ്പറ്റി അധികൃതർ ആലോചന പോലും നടത്തിയിട്ടില്ല. കൊവിഡ് മൂലമാണ് കെട്ടിടം തുറക്കാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം. കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാൻ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടന്നും ഡി.പി.സിയുടെ അഗീകാരത്തിനായി ശ്രമിക്കുകയാണെന്നാണ് വിശദീകരണം.

നൂറോളം പേരാണ് കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞ് നടക്കുന്നത്. മഴയത്തും വെയിലത്തും ഇവരെല്ലാം അടഞ്ഞുകിടക്കുന്ന കടയുടെ തിണ്ണയിലും ബസ് സ്റ്റോപ്പുകളാണ് ആശ്രയം. പകൽവീട് ഉടൻ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ. ഹരീസ് കായംകുളം നഗരസഭക്കെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.നഗരസഭ ചെയർ പേഴ്സൺ, സെക്രട്ടറി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ എതിർ കക്ഷികളാക്കിയാണ്, കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ ഹർജി ഫയൽ ചെയ്തത്. പകൽവീട്ടിൽ ഗ്രന്ഥശാല സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എതിർകക്ഷികൾക്ക്‌ കോടതിയിൽ നിന്നും നോട്ടീസ് അയച്ചിട്ടുണ്ട്.

..............

.പകൽവീട് തുറുക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. അടുക്കള അടക്കം സജ്ജീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരുകയാണ്.

പി.ശശികല.

ചെയപേഴ്സൺ

കായംകുളം നഗരസഭ