
ആലപ്പുഴ: നഗരത്തിൽ കാനകൾക്കു മുകളിൽ സ്ഥാപിച്ച കാലപ്പഴക്കം ചെന്ന സ്ളാബുകൾ, കണ്ണൊന്ന് തെറ്റിയാൽ കാൽനടയാത്രക്കാർക്ക് വാരിക്കുഴിയാകും. ബോട്ട് ജെട്ടിയിലെ പൊലീസ് കൺട്രോൾ റൂം മുതൽ വൈ.എം.സി.എ പാലം വരെയുള്ള ഭാഗങ്ങളിലാണ് അപകടക്കെണിയുള്ളത്.
വീതികുറഞ്ഞ റോഡായതിനാൽ കാൽനടയാത്രക്കാർ കാനകളുടെ മുകൾഭാഗമാണ് നടപ്പാതയായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നിൽ തകർന്ന സ്ളാബിനിടയിൽ കാൽവഴുതി വീണ് മൃഗാശുപത്രിയിലെ ഡോക്ടർക്ക് പരിക്കേറ്റു. ഇതിന് മുമ്പ് നിരവധിപേർ ഇത്തരത്തിൽ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ സുരക്ഷക്കായി കാൽനൂറ്റാണ്ട് മുമ്പാണ് സ്ളാബോടുകൂടിയ കാന നിർമ്മിച്ചത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താതിരുന്നതോടെ സ്ളാബുകൾ തകർന്നു. കാനയിലെ മാലിന്യം നീക്കുന്നതിനായി സ്ളാബുകൾ ഇളക്കിമാറ്റിയ ശേഷം കൃത്യ സ്ഥലത്ത് സ്ഥാപിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നു. വീതികുറഞ്ഞ റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോൾ അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ തട്ടാതിരിക്കാൻ കാൽനടയാത്രക്കാർ കാനയുടെ മുകളിലെ സ്ളാബിലേക്ക് കയറുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.തകർന്ന സ്ളാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
വൈറ്റ് ടോപ്പിംഗിലും അപകടക്കെണി
ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ കോടതി പാലവും അനുബന്ധ റോഡും നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. മുല്ലയ്ക്കൽ, വെള്ളക്കിണർ,വലിയ ചുടുകാട് ജംഗ്ഷൻ, കൈചൂണ്ടി - കൊമ്മാടി റോഡുകൾ എന്നിവിടങ്ങളിൽ വൈറ്റ്ടോപ്പിംഗ് പൂർത്തിയായെങ്കിലും ഇരു വശങ്ങളിലും കോൺക്രീറ്റ് കട്ടകൾ പാകുന്ന ജോലികൾ മാസങ്ങളായിട്ടും പൂർത്തിയായില്ല. ഉയർന്ന റോഡരികിൽ നിന്ന് താഴ്ചയിലേക്ക് വീണ് ഇവിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാണ്.
"കാനകളുടെ മുകൾ ഭാഗം പൂർണമായും സ്ളാബ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പേ നഗരത്തിലെ റോഡുകളുടെ നിർമ്മാണം പൂർത്തികരിക്കാൻ ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാർ മുൻകൈയെടുക്കണം.
- സബിൽരാജ്, ജില്ലാ ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
പൊതുമരാമത്ത് വകുപ്പിനെതിരെ പ്രക്ഷോഭം ആരംഭിക്കും. കാൽനടയാത്രക്കാരും തദ്ദേശവാസികളും ഏറെ ദുരിതത്തിലാണ്.
-എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി
"കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന കാനകളുടെ മുകളിലുള്ള സ്ളാബുകളുടെ തകരാർ അടിയന്തരമായി പരിഹരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം.
- മധുകുമാർ, നഗരവാസി, കൊറ്റംകുളങ്ങര