ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് നിലച്ച ബീച്ച് സർവ്വീസ് ഉൾപ്പടെ പുനഃസ്ഥാപിച്ച്, നഗരത്തിൽ സർക്കുലർ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. യാത്രക്കാർ കൂടുതലുള്ളതും, നിലവിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവ്വീസ് നടത്താത്തതുമായ സ്ഥലങ്ങളെ ഉൾപ്പെടുത്തിയുള്ള കണക്ടിവിറ്റി സർവ്വീസാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. റെയിൽവേ ക്രോസും പാളങ്ങളും വന്നതോടെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് വിജയ് പാർക്ക് ഭാഗത്തേക്കുണ്ടായിരുന്ന ബസ് സർവ്വീസുകൾ നിലച്ചത്. ഏറെ നേരം ക്രോസിൽ കാത്ത് കിടക്കേണ്ടി വരുന്നതും, പാളം കടക്കുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർവ്വീസ് അവസാനിപ്പിച്ചത്. ഇപ്പോൾ റെയിൽവേ സ്റ്റേഷൻ ബസിൽ കയറിയാണ് ബീച്ചിലേക്കുള്ള യാത്രക്കാരുടെ സഞ്ചാരം. ലെവൽ ക്രോസിന് സമീപം ഇറങ്ങിയശേഷം നടന്നു വേണം ബീച്ചിന്റെ ഭാഗത്തേക്ക് എത്തിച്ചേരാൻ.

പാർക്കിലേക്ക് എത്തുന്നവർ കുട്ടികളെ കൂട്ടി ഏറെ ദൂരം നടക്കേണ്ടി വരും. 1980കളിൽ ആറ് ബസുകൾ ഈ റൂട്ടിൽ സഞ്ചരിച്ചിരുന്നതായി പഴമക്കാർ ഓർമ്മിക്കുന്നു. ഇത് കൂടാതെ, കടപ്പുറം - ചുങ്കം പാലം വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് സ‌ർവ്വീസ് വേണമെന്ന ആവശ്യവും ശക്തമാണ്. ഈ റൂട്ട് യാഥാർത്ഥ്യമായാൽ നഗരത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും. ആലപ്പുഴ കടപ്പുറം തിരക്കേറിയ വിനോദകേന്ദ്രമായതിനാൽ ഈ വഴി ബസ് സർവീസ് ഉണ്ടാകുന്നത് സഞ്ചാരികൾക്ക് ഏറെ സൗകര്യമാകും.

ജനറൽ ആശുപത്രി - റെയിൽവേ സ്റ്റേഷൻ കൂടാതെ തിരുവാമ്പാടി, റെയിൽവേ സ്റ്റേഷൻ, വിജയ് പാർക്ക്, കോൺവെന്റ് സ്‌ക്വയർ, പിച്ചു അയ്യർ ജംഗ്ഷനുകളെ കൂടി ബന്ധിപ്പിച്ച് നഗര ഗതാഗതം ആസൂത്രണം ചെയ്താൽ നഗരത്തിലെ എല്ലാ ഭാഗത്തുള്ളവർക്കും ഉപകാരപ്രദമാകും

- യാത്രക്കാർ

റെയിൽവേ ക്രോസ് വന്നതോടെയാണ് ബീച്ച് ഭാഗത്തേക്കുള്ള സർവ്വീസ് നിലച്ചത്. ഈ റൂട്ട് പുനഃസ്ഥാപിച്ചാൽ ലാഭകരമാകുമെന്നതിൽ സംശയം വേണ്ട. ചുങ്കം - ബസ് സ്റ്റാൻഡ് റൂട്ടിൽ ആവശ്യക്കാരുണ്ടെങ്കിലും, ഇവിടെ കനാലിനോട് ചേർന്ന് ബാരിക്കേഡില്ലാത്തതിനാൽ ബസ് സർവ്വീസിന് അനുമതി ലഭിക്കാൻ പ്രയാസമാണ്

-പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ് , കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ